CRICKET

"അഫ്ഗാൻ പോയാൽ പോകട്ടെ, ത്രിരാഷ്ട പരമ്പര പറഞ്ഞ സമയത്ത് നടത്തും"; പിടിവാശിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

വ്യോമാക്രമണത്തിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ലാഹോറിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ലാഹോർ: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ലാഹോറിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം, അഫ്ഗാൻ പോയാൽ പോകട്ടെയെന്നും പരമ്പര പറഞ്ഞ സമയത്ത് തന്നെ നടത്തുമെന്നുമുള്ള പിടിവാശിയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഏതാനും ക്രിക്കറ്റ് ബോർഡുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ ധാരണയിലെത്തുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടൂർണമെൻ്റിൽ ശ്രീലങ്കയെ ഉൾപ്പെടുത്താൻ നീക്കം പുരോഗമിക്കുകയാണ് എന്നും പിസിബി അംഗങ്ങൾ സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ-പാക് അതിര്‍ത്തിയിലെ പക്തിക പ്രവിശ്യയില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരും മറ്റ് അഞ്ച് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.

പക്തിക പ്രവിശ്യയിലെ ഷരണയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ പങ്കെടുക്കാന്‍ ഉർഗുനില്‍ നിന്നെത്തിയതായിരുന്നു ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നവംബറിൽ നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറുന്നതായും അറിയിച്ചിരുന്നു.

SCROLL FOR NEXT