മുസ്തഫിസുര്‍ റഹ്‌മാന്‍ 
CRICKET

ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകേണ്ടെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ജനറൽ സെക്രട്ടറി

ഇനിയങ്ങോട്ടേക്ക് ബിസിസിഐയുമായി തുറന്ന സംഘർഷത്തിൽ ഏർപ്പെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ധാക്ക: വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫുൾ ഹഖ്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) സിഇഒ ആയും സേവനമനുഷ്ഠിച്ച് പരിചയമുള്ള ആളാണ് അദ്ദേഹം.

"എൻ്റെ അനുഭവത്തിൽ ലോകകപ്പ് ടൂർണമെൻ്റിന് ഒരു മാസം മാത്രം ശേഷിക്കെ വേദികൾ മാറ്റിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ ഇന്ത്യൻ സർക്കാരിന് കഴിയുമായിരുന്നു. ടി20 ലോകകപ്പ് വേദി മാറ്റണമെന്ന് അവസാന നിമിഷം ആവശ്യം മുന്നോട്ട് വയ്ക്കുന്നത് നടക്കാത്ത കാര്യമാണ്," സയ്യിദ് അഷ്‌റഫുൾ ഹഖ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറച്ചുനിൽക്കുകയും ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്താൽ അവർക്ക് വരുമാന വിഹിതം നഷ്ടപ്പെടുമെന്നും തുടർന്ന് ബിസിസിഐയുമായി തുറന്ന സംഘർഷത്തിൽ ഏർപ്പെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിസിസിഐ നിർദേശപ്രകാരം ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഐപിഎല്ലിൻ്റെ വരാനിരിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണം ബംഗ്ലാദേശ് സർക്കാർ നിരോധിച്ചിരുന്നു.

ബംഗ്ലാദേശി സ്റ്റാർ പേസറെ പുറത്താക്കാനുള്ള നീക്കം ഇന്ത്യൻ ബോർഡിൻ്റെ തീരുമാനം ധാക്കയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശി സൂപ്പർതാരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടി യുക്തിസഹമല്ലെന്നും അത്തരമൊരു തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ദുഃഖിപ്പിച്ചെന്നും ബംഗ്ലാദേശ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അവരുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 7ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിനായി ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ജയ് ഷാ അധ്യക്ഷനായ ഐസിസി സജീവമായി പരിഗണിക്കുന്നുണ്ട്. വേദികളുടെ ലഭ്യതയടക്കം പരിശോധിച്ച് വരികയാണ്.

കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും (ഫെബ്രുവരി 7), കൊൽക്കത്തയിൽ ഇറ്റലിക്കെതിരെയും (ഫെബ്രുവരി 9), കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയും (ഫെബ്രുവരി 14), മുംബൈയിൽ നേപ്പാളിനെതിരെയും (ഫെബ്രുവരി 17) ആണ് ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ നടക്കേണ്ടത്.

ബംഗ്ലാദേശ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ ആക്രമണവുമായി ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്.

SCROLL FOR NEXT