മുംബൈ: 2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ മാറ്റിയതിനെ തുടർന്ന് ഇന്ത്യൻ താരങ്ങളിൽ പലരും അങ്കലാപ്പിൽ. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനെ ഗൗതം ഗംഭീർ ഇടപെട്ട് മാറ്റിയ രീതിയാണ് പലരേയും നിരാശപ്പെടുത്തുന്നത്.
ടി20യിൽ നിന്നുള്ള ഗില്ലിൻ്റെ തഴയപ്പെടലിൽ ഗംഭീറിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നാണ് പരക്കെയുള്ള അഭിപ്രായം. ഗില്ലിനെ പോലും ടീമിൽ നിന്ന് മാറ്റി നിർത്താൻ ഗംഭീറിന് സാധിക്കുമെങ്കിൽ തങ്ങളിൽ പലരുടെയും സ്ഥാനത്തെ കുറിച്ചും നിരവധി താരങ്ങൾ ആശങ്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീറിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് ഫോർമാറ്റിൽ അങ്ങനെയല്ല കാര്യങ്ങൾ. SENA ടീമുകൾക്കെതിരെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനങ്ങൾ നിലവാരത്തിലും താഴെയാണ്.
ഇതെല്ലാം മുന്നിൽക്കണ്ട് ബിസിസിഐ പ്രതിനിധികൾ ഗൗതം ഗംഭീറിനെ ഇന്ത്യൻ ടെസ്റ്റ് ഫോർമാറ്റിലെ കോച്ച് സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. പിടിഐ നൽകുന്ന റിപ്പോർട്ട് പ്രകാരം ദക്ഷിണാഫ്രിക്കയോട് 2-0ന് തോറ്റതിന് പിന്നാലെ ഗംഭീറിന് പകരക്കാരനെ തേടാൻ ബിസിസിഐ ആരംഭിച്ചിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്ററായ വിവിഎസ് ലക്ഷ്മണെ കോച്ചായി നിയമിക്കാൻ ബിസിസിഐയിലെ ഉന്നതർ അനൗദ്യോഗികമായി ശ്രമിച്ചിരുന്നു എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിലെ ക്രിക്കറ്റ് വിഭാഗത്തിൻ്റെ മേധാവിയെന്ന ചുമതലയിൽ താൻ തൃപ്തനാണെന്നാണും വിനയത്തോടെ അവസരം നിരസിക്കുകയാണെന്നും ലക്ഷ്മൺ പ്രതികരിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കരാർ അനുസരിച്ച് 2027 വരെ ഗൗതം ഗംഭീറിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം തുടരാനാകും. അഞ്ച് ആഴ്ചകൾക്കകം തുടങ്ങാൻ പോകുന്ന ടി20 ലോകകപ്പിൻ്റെ ഭാവി കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യൻ ടീമിനൊപ്പമുള്ള ഗംഭീറിൻ്റെ മുന്നോട്ടുപോക്കെന്നും ക്രിക്കറ്റ് നിരൂപകരും ചൂണ്ടിക്കാട്ടുന്നുണ്ട്.