ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് താരങ്ങള്‍ നടത്തിയ പ്രോകപനപരമായ ആഘോഷത്തില്‍ നടപടിയുമായി ബിസിസിഐ. പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരെ ബിസിസിഐ ഐസിസിക്ക് പരാതി നല്‍കി.
ബുധനാഴ്ച ഐസിസിക്ക് ഇ-മെയില്‍ വഴി ബിസിസിഐ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുടെ പരാതിയില്‍ പാക് താരങ്ങള്‍ ആരോപണം നിഷേധിച്ചാല്‍ ഐസിസി വാദം കേള്‍ക്കുമെന്നാണ് സൂചന. വാദം കേള്‍ക്കാനായി ഐസിസി എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്സണിന് മുന്നില്‍ താരങ്ങള്‍ക്ക് ഹാജരാകേണ്ടി വന്നേക്കാം.
അതേസമയം, ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡും പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ 14 ലെ മത്സര ശേഷം വിജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചതിലും പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പിസിബി ആരോപണം.
തോറ്റ കളിയില്‍ പാക് താരത്തിന്റെ 6-0 സെലിബ്രേഷന്‍
ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ പാക് പേസര്‍ ഹാരിസ് റൗഫ് ഇന്ത്യന്‍ കാണികള്‍ക്ക് നേരെ കാണിച്ച വിവാദ ആംഗ്യമാണ് വിവാദമായത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആറ് ഫൈറ്റര്‍ ജെറ്റുകള്‍ പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയെന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ഇന്ത്യന്‍ സൈന്യവും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചിരുന്നു. ഇന്ത്യയുടെ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും പാകിസ്ഥാനില്‍ തകര്‍ന്നു വീണുവെന്നുമുള്ള ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്.
റൗഫ് ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യവെ കൂവി വിളിച്ചും, 'കോഹ്ലി... കോഹ്ലി' ചാന്റുകളുമായും ഇന്ത്യന്‍ ആരാധകര്‍ പാക് പേസറെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ റൗഫിനെ സിക്‌സറടിച്ച് കോഹ്ലി ഇന്ത്യയെ ജയിപ്പിച്ച മത്സരം ഓര്‍മിപ്പിച്ചാണ് ഇന്ത്യന്‍ ഫാന്‍സ് പാക് താരത്തെ പരിഹസിച്ചത്.
സാഹിബ്‌സാദയുടെ വെടിവെപ്പ് സെലിബ്രേഷന്‍
മത്സരത്തില്‍ പാക് താരം സാഹിബ്‌സാദയാണ് വെടിവെപ്പ് സെലിബ്രേഷനും വിവാദമായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഫിഫ്റ്റി തികച്ച ശേഷം സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ ഗണ്‍ ഷൂട്ടിങ് സെലിബ്രേഷന്‍ പഹല്‍ഗാം ഇരകളോടുള്ള അനാദരവായാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.
ആ ആഘോഷം മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. എനിക്ക് അത് പ്രശ്‌നമല്ല. നിങ്ങള്‍ എവിടെ കളിച്ചാലും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം. അതിന് എതിരാളികള്‍ ഇന്ത്യ തന്നെ ആയിരിക്കണമെന്നില്ല. ഇന്ന് നമ്മള്‍ കളിച്ചതു പോലെ എല്ലാ ടീമിനെതിരെയും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം. എന്നായിരുന്നു സാഹിബ്‌സാദയുടെ പ്രതികരണം.
ബിസിസിഐയുടെ പരാതിയില്‍ ഇരു താരങ്ങളുടേയും മറുപടി തൃപ്തികരമല്ലെങ്കില്‍ ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ച് നടപടി നേരിടേണ്ടി വരും.