CRICKET

ഇന്ത്യയെ പേടിച്ചിട്ട് പിന്മാറിയെന്നല്ലേ പറയുക; പാകിസ്ഥാനെതിരെ ഡാനിഷ് കനേരിയ

എന്തെങ്കിലും പ്രതികാരം വീട്ടാനുണ്ടെങ്കില്‍ ക്രീസിലിറങ്ങി പോരാടി ജയിച്ച് അത് പൂര്‍ത്തിയാക്കൂവെന്നും മുൻ താരം

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ മുന്‍ താരം ഡാനിഷ് കനേരിയ. തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റിന് തന്നെയാകും നഷ്ടമുണ്ടാക്കുക എന്ന് കനേരിയ പ്രതികരിച്ചു.

മാത്രമല്ല, ഈ തീരുമാനത്തിലൂടെ പാക് ക്രിക്കറ്റ് താരങ്ങളെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാകുമെന്നും മുന്‍ സ്പിന്നര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന് ഇന്ത്യയെ ഭയമാണെന്നും അതിനാലാണ് മത്സരിക്കാന്‍ തയ്യാറാകാത്തത് എന്ന സന്ദേശമാകും ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കപ്പെട്ട ബംഗ്ലാദേശിനെ പിന്തുണക്കുകയാണെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. പക്ഷെ, സ്വന്തം ക്രിക്കറ്റും അതിന്റെ ഭാവിയെ കുറിച്ചുമാണ് ചിന്തിക്കേണ്ടത്. ഇന്ത്യയെ പേടിച്ചിട്ട് പിന്മാറിയെന്നേ ആളുകള്‍ കരുതകയുള്ളൂ.

ഈ ഒരൊറ്റ തീരുമാനം കൊണ്ട് ഫൈനല്‍ വരെയുള്ള യാത്ര കൂടുതല്‍ സങ്കീര്‍ണമാക്കും. തീര്‍ത്തും തെറ്റായ തീരുമാനമാണ് പാക് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വരുമാനം ഉണ്ടാക്കുന്നതാണെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ വൈരാഗ്യം ഇനി നിലവിലില്ല, കാരണം ഇന്ത്യ കളിക്കുന്ന ബ്രാന്‍ഡ് ക്രിക്കറ്റല്ല പാകിസ്ഥാന്‍ കളിക്കുന്നത്. ടി20 ലോകകപ്പായാലും 50 ഓവര്‍ ലോകകപ്പായാലും എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ തീരുമാനം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്തുന്നതാണ്. ദീര്‍ഘവീക്ഷണമില്ലാതെയാണ് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്, പ്രത്യേകിച്ച് ബംഗ്ലാദേശിന്റെ കാര്യത്തില്‍. കൃത്യമായി ചിന്തിക്കാതെ വൈകാരികമായി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. ആലോചിച്ചും ചിന്തിച്ചുമായിരിക്കണം തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പറയുന്നു, ഇനി സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാല്‍ എന്തു ചെയ്യും? മത്സരിക്കാതെ ട്രോഫി കൈമാറുമോയെന്നും അദ്ദേഹം ചോദിച്ചു.

എന്തെങ്കിലും പ്രതികാരം വീട്ടാനുണ്ടെങ്കില്‍ ക്രീസിലിറങ്ങി പോരാടി ജയിച്ച് അത് പൂര്‍ത്തിയാക്കൂ, അല്ലാതെ, ബഹിഷ്‌കരിക്കുന്നത് കൊണ്ട് യാതൊന്നും ഉണ്ടാകില്ല. പാക് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ക്രിക്കറ്റ് താരങ്ങളും അസ്വസ്ഥരായിരിക്കുമെന്നാണ് കരുതുന്നത്. പക്ഷെ, അത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും കനേരിയ പറഞ്ഞു.

SCROLL FOR NEXT