CRICKET

ധോണിയുടെ തീരുമാനം വിഷമിപ്പിച്ചു, പിന്നാലെ വിരമിക്കാന്‍ ആലോചിച്ചിരുന്നു, സച്ചിൻ തടഞ്ഞു: സെവാഗ്

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള കൂടിക്കാഴ്ചയാണ് തന്‍റെ തീരുമാനം മാറ്റിയതെന്നും സെവാഗ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണി തന്നെ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള കൂടിക്കാഴ്ചയാണ് തന്‍റെ തീരുമാനം മാറ്റിയതെന്നും സെവാഗ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

2008ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് സെവാഗ് 81 റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇതിന് പിന്നാലെയാണ് സെവാഗിനെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്. അന്ന് ധോണി ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ഏകദിനങ്ങളില്‍ ഇനിയൊരിക്കലും ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.

2007-2008ലെ പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ കളിച്ച ശേഷം ധോണി എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. അതിന് ശേഷം എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. അതോടെ ഇനിയൊരിക്കലും പ്ലേയിംഗ് ഇലവനില്‍ എത്താനാവില്ലെന്ന് ഞാനുറപ്പിച്ചു. അതിന് ശേഷമാണ് ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്.

ഇക്കാര്യം പറയാനായി സച്ചിനെ കണ്ടപ്പോള്‍ അദ്ദേഹമാണ് തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് ഉപദേശിച്ചത്. 1999-2000 കാലഘട്ടത്തില്‍ താനും സമാനമായ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇതൊക്കെ കളിയുടെ ഭാഗമാണെന്നും സച്ചിന്‍ പറഞ്ഞു. വൈകാരികമായി തീരുമാനമെടുക്കാതെ അടുത്ത രണ്ടോ മൂന്നോ പരമ്പരകള്‍ കൂടി കളിച്ച ശേഷം തീരുമാനമെടുക്കാമെന്നും സച്ചിന്‍ പറഞ്ഞു.

SCROLL FOR NEXT