CRICKET

വനിതാ ലോകകപ്പിൻ്റെ സെമി ഫൈനൽ ലൈനപ്പായി; ഇന്ത്യക്ക് കംഗാരുപ്പടയുടെ വെല്ലുവിളി, ഇന്ന് ബംഗ്ലാദേശിനെ നേരിടും

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടും.

Author : ന്യൂസ് ഡെസ്ക്

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ബുധനാഴ്ച ഗുവാഹത്തിയിലാണ് മത്സരം. വ്യാഴാഴ്ച രണ്ടാം സെമിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഇന്നലെ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് തകര്‍ത്തതോടെയാണ് ലൈനപ്പിൽ അന്തിമ തീരുമാനമായത്. അതേസമയം, ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 24 ഓവറില്‍ 97 റണ്‍സ് മാത്രം നേടി പുറത്തായി. ഓസീസിനെ അലാന കിങ് ഏഴോവറിൽ 18 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഓപ്പണറായി ഇറങ്ങിയ ലോറ വോള്‍വാര്‍ഡ് 31 റണ്‍സുമായി ടീമിൻ്റെ ടോപ് സ്കോററായി. ഒപ്പമിറങ്ങിയ തസ്മിന്‍ ബ്രിട്ട്‌സ് 19 ബോളില്‍ ആറ് റണ്‍സ് മാത്രം നേടി പുറത്തായി. ലോറയും സിനാലോ ജാഫ്തയും നദിനേ ഡേ ക്ലാര്‍ക്കും മാത്രമാണ് രണ്ടക്കം തികച്ചവര്‍. സിനാലോ 29 റണ്‍സും നദിനേ 14 റണ്‍സും നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി ബെത്ത് മൂണി (42), ജോര്‍ജിയ വോള്‍ (38) എന്നിവർ തിളങ്ങി. അനബെല്‍ സതര്‍ലാന്‍ഡ് നാല് ബോളില്‍ 10 റണ്‍സ് എടുത്ത് പുറത്തായി. ലക്ഷ്യം നേടുമ്പോൾ വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

ഇതോടെ ലോകകപ്പിലെ അപരാജിത കുതിപ്പ് ഓസ്‌ട്രേലിയ തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ 13 പോയിൻ്റ് നേടി ഓസ്‌ട്രേലിയ പോയിൻ്റ പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

SCROLL FOR NEXT