CRICKET

WPL 2026 | വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ

ചൊവ്വാഴ്ച നവി മുംബൈയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് മത്സരത്തിലാണ് ഗുജറാത്ത് ജയൻ്റ്‌സിനെതിരെ കൗർ ഈ നേട്ടം കൈവരിച്ചത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മുംബൈ: വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ നാറ്റ് സ്കൈവർ-ബ്രണ്ടിന് ശേഷം 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ചരിത്രത്തിലിടം നേടി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ചൊവ്വാഴ്ച നവി മുംബൈയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് മത്സരത്തിലാണ് ഗുജറാത്ത് ജയൻ്റ്‌സിനെതിരെ കൗർ ഈ നേട്ടം കൈവരിച്ചത്.

വെറും 43 പന്തിൽ നിന്ന് 71 റൺസ് നേടിയാണ് കൗർ ഈ നേട്ടം കൈവരിച്ചത്. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൗറിൻ്റെ പത്താമത്തെ ഐപിഎൽ ഫിഫ്റ്റിയും, ബാറ്റർമാരായ അമൻജോത് കൗർ, നിക്കോള കാരി എന്നിവരുമായുള്ള നിർണായക കൂട്ടുകെട്ടും മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിൻ്റെ ജയം സമ്മാനിച്ചു. ഗുജറാത്തിനെിരെ നടന്ന 8 മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് തോൽവിയറിഞ്ഞിട്ടില്ല. മറ്റൊരു ടീമും ഈ നേട്ടം നേടിയിട്ടില്ല.

അർധ സെഞ്ച്വറി നേട്ടത്തിലും കൗർ WPL റെക്കോർഡിട്ടു. ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികൾ നേടിയ താരമായും ഹർമൻപ്രീത് മാറി. 9 വീതം ഫിഫ്റ്റികൾ നേടിയ മുംബൈയുടെ തന്നെ നാറ്റ് സ്കൈവർ ബ്രണ്ട്, യുപി വാരിയേഴ്സിൻ്റെ ക്യാപ്റ്റൻ മെഗ് ലാനിങ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്.

WPLലെ 30 മത്സരങ്ങളിലെ 29 ഇന്നിംഗ്‌സുകളിൽ നിന്നും, 46.18 ശരാശരിയിലും 146.18 സ്‌ട്രൈക്ക് റേറ്റിലും ഹർമൻപ്രീത് കൗർ ഇപ്പോൾ 1016 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 10 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നുണ്ട്. നിലവിൽ 2026 WPL സീസണിലെ ഓറഞ്ച് ക്യാപ് ഉടമയാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഹർമൻപ്രീത്.

SCROLL FOR NEXT