ഓസീസ് നായകൻ പാറ്റ് കമ്മിൻസും ദക്ഷിണാഫ്രിക്കൻ പേസർ ടെംപ ബാവുമയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടത്തിനരികെ. Source: X/ ICC
CRICKET

WTC Final 2025 SA vs AUS | ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യന്മാരെ നിശ്ചയിക്കുന്ന ഫൈനലിന് സാക്ഷ്യം വഹിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ബുധനാഴ്ച ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും. ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യന്മാരെ നിശ്ചയിക്കുന്ന ഫൈനലിന് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.

നിലവിലെ ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ പാറ്റ് കമ്മിൻസും, ഇതാദ്യമായി ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ ടെംപ ബാവുമയുമാണ് നയിക്കുന്നത്.

ഉസ്മാൻ ഖവാജയ്‌ക്കൊപ്പം മാർനസ് ലാബുഷാഗ്നെ ബാറ്റിംഗ് ഓപ്പൺ ചെയ്യും. ജോഷ് ഹേസൽവുഡ് തിരിച്ചെത്തിയതോടെ സ്കോട്ട് ബൊലാൻഡിന് അവസരം നഷ്ടമായി. പേസ് ഡിപ്പാർട്ട്‌മെന്റിൽ മിച്ചൽ സ്റ്റാർക്കിനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും മികച്ച പിന്തുണ നൽകാൻ ഹേസിൽവുഡിനാകും. പുറം വേദന അലട്ടിയിരുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പരിക്ക് മാറി ടീമിലെത്തി. മീഡിയം പേസർ ബ്യൂ വെബ്‌സ്റ്ററും ടീമിലിടം കണ്ടെത്തി.

അതേസമയം, ഇടങ്കയ്യൻ ഓപ്പണർ റിയാൽ റിക്കെൽട്ടൺ നയിക്കുന്ന ഓപ്പണിങ് സഖ്യത്തിലാണ് പ്രോട്ടീസ് പടയുടെ ആത്മവിശ്വാസം മുഴുവൻ. 2024-25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സീസണിലെ ദക്ഷിണാഫ്രിക്കയുടെ

ടോപ് സ്കോററായിരുന്നു റിക്കെൽട്ടൺ. ഓൾറൗണ്ടർ വിയാൻ മുൾഡറാണ് മൂന്നാമനായി ക്രീസിലെത്തുക. യുവതാരം കഴിഞ്ഞ രണ്ട് വർഷമായി ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റിങ് ഓർഡറിൽ നിർണായക സാന്നിധ്യമാണ്.

കേശവ് മഹാരാജ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ. കഗീസോ റബാഡ, മാർക്കോ ജാൻസൺ, ലുങ്കി എൻഗിഡി എന്നീ ത്രിമൂർത്തികളാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണം നയിക്കുക.

ഓസ്‌ട്രേലിയൻ പ്ലെയിംഗ് ഇലവൻ:

ഉസ്മാൻ ഖവാജ, മാർനസ് ലബുഷാൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ:

ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, വിയാൻ മൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറിൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

SCROLL FOR NEXT