സിഡ്നി ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കിയ ഈ ദിനം ക്രിക്കറ്റ് പ്രേമികളൊന്നടങ്കം സാക്ഷിയായത് കളിയിലെ രോ-കോ മാജിക്കിനാണ് . ഒൻപത് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്പിച്ചത്. രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യയുടെ ജയം. രോഹിത് ശർമയാണ് കളിയിലെയും പരമ്പരയിലെയും താരം.
സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ 237 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 69 പന്തുകൾ ശേഷികെ ലക്ഷ്യം മറികടന്നു. തുടക്കം മുതൽ ഓസീസ് ബൗളർമാരെ പ്രഹരിച്ചാണ് ഇന്ത്യ ബാറ്റേന്തിയത്. സ്കോർ 69ൽ നിൽക്കേ നായകൻ ഗില്ലിനെ നഷ്ടമായെങ്കിലും രോഹിതും കോഹ്ലിയും ഒരുമിച്ചതോടെ റൺസ് അതിവേഗം ചലിച്ചു. 121 റൺസ് നേടിയ രോഹിത്ത് കുറിച്ചത് കരിയറിലെ അമ്പതാമത്തെ സെഞ്ച്വറി. 13 ഫോറും മൂന്ന് സിക്സും അടങ്ങിയ മനോഹര ഇന്നിങ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കോഹ്ലി 81 പന്തിൽ 74 റൺസും നേടി.
സിഡ്നിയിൽ ഒരുപിടി റെക്കോർഡുകളും രോഹിതും കോലിയും സ്വന്തമാക്കി. ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായ കോഹ്ലി പരിമിത ഓവർ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഓസ്ട്രേലിയക്കെതിരെ പത്ത് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടത്തിനൊപ്പം ജയിച്ച മത്സരങ്ങളിൽ ഇന്ത്യക്കായി 8000 റൺസെന്ന നാഴികക്കല്ലും രോഹിത് സ്വന്തമാക്കി. ഏകദിനത്തിൽ ചേസിങ്ങിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറിയെന്ന സച്ചിൻ്റെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ചേസ് ചെയ്ത് ജയിച്ച മത്സരങ്ങളിൽ 6000 റൺസും കോഹ്ലി നേടി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 236 റണ്‍സിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ഓസീസിനായി മാറ്റ് റെൻഷൗ അർധസെഞ്ച്വറി നേടി. ഹർഷിത് റാണ നാലും വാഷിങ്ടൺ സുന്ദർ രണ്ടും വിക്കറ്റുകൾ വീഴത്തി. രോഹിത് ശർമയാണ് കളിയിലെയും പരമ്പരയിലെയും താരം.