CRICKET

വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി, ലോക റെക്കോർഡുമായി ഓസീസ് ജയം

വനിതാ ഏകദിന ക്രിക്കറ്റിലെ ഉയർന്ന റൺ ചേസിങ് ആണിത്.

Author : ന്യൂസ് ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഓസീസിന് മൂന്ന് വിക്കറ്റ് ജയം. 331 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കംഗാരുപ്പട 49 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലോക റെക്കോർഡ് ചേസിങ് ആയിരുന്നു വിശാഖപട്ടണത്ത് ഓസീസ് സാധ്യമാക്കിയത്.

നേരത്തെ സെഞ്ച്വറി നേടിയ അലിസ ഹീലി (142) ഇന്ത്യക്ക് തലവേദനയായി മാറിയിരുന്നു. റിട്ടയർഡ് ഹർട്ടായി കളംവിട്ട എല്ലിസ് പെറിയും (46) കിം ഗാർത്തും (14) ആണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി ശ്രീ ചരണി മൂന്ന് വിക്കറ്റും ദീപ്തി ശർമയും അമൻജ്യോത് കൗറും രണ്ട് വീതവും വിക്കറ്റും വീഴ്ത്തി.

വനിതാ ഏകദിനങ്ങളിൽ ഉയർന്ന ചേസിങ്

  • 331 - AUS W vs IND W, വിശാഖ്, 2025 WC*

  • 302 - SL W vs SA W, പോച്ചെഫ്‌സ്ട്രൂം, 2024

  • 289 - AUS W vs NZ W, നോർത്ത് സിഡ്‌നി, 2012

  • 283 - AUS W vs IND W, വാങ്കഡെ, 2023

  • 282 - AUS W vs IND W, ന്യൂ ചണ്ഡീഗഡ്, 2025

വനിതാ ഏകദിന ലോകകപ്പിലെ ഇതിനു മുമ്പുള്ള ഏറ്റവും ഉയർന്ന ചേസിങ് 2022 പതിപ്പിൽ ഓക്ക്‌ലൻഡിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ നേടിയ 278 റൺസായിരുന്നു.

നേരത്തെ ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ 48.5 ഓവറിൽ 330 റൺസിന് ഓൾഔട്ടായി. ലഭിച്ച നല്ല തുടക്കം അവസാനം മുതലാക്കാൻ വാലറ്റക്കാർക്ക് കഴിഞ്ഞിരുന്നെങ്കിൽ സ്കോർ ഇതിലും ഉയർന്നേനെ. ഇന്ത്യക്കായി സ്മൃതി മന്ദാന-പ്രതിക റാവൽ സഖ്യം ഒന്നാം വിക്കറ്റിൽ ഓപ്പണർ 155 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ സ്മൃതി മന്ദാന (80) ആദ്യമായി അർധസെഞ്ച്വറി നേടുന്നതിനും വിശാഖപട്ടണം സാക്ഷ്യം വഹിച്ചു.

ഓപ്പണർ പ്രതിക റാവലും (75) ഫിഫ്റ്റി നേടി. ഓസീസിനെതിരെ തുടർച്ചയായ അഞ്ചാം മത്സരത്തിനും അമ്പതിന് മുകളിൽ റൺസ് സ്കോർ ചെയ്യാൻ മന്ദാനയ്ക്ക് സാധിച്ചു. ഹർലീൻ ഡിയോൾ (38), ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32), ഹർമൻപ്രീത് കൗർ (22) എന്നിവരും തിളങ്ങി. ഓസീസിനായി അന്നബെൽ സതർലാൻഡ് അഞ്ചും സോഫി മോളിനക്സും മൂന്നും വിക്കറ്റ് വീഴ്ത്തി.

സ്മൃതി മന്ദാന, പ്രതിക റാവൽ

ഓപ്പണിങ് വിക്കറ്റിൽ ഓപ്പണർ പ്രതിക റാവലിനൊപ്പം 155 റൺസാണ് മന്ദാന അടിച്ചുകൂട്ടിയത്. ഈ കലണ്ടർ വർഷം ഇത് നാലാമത്തെ 100 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഒരു തവണ കൂടി ഇരുവർക്കും ഈ നേട്ടം ആവർത്തിക്കാനായാൽ ലോക റെക്കോർഡിന് ഒപ്പമെത്താം.

ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ 100 റൺസ് കൂട്ടുകെട്ട്

  • 7 - മിതാലി രാജ് & പുനം റൗട്ട് (34 ഇന്നിംഗ്സ്)

  • 6 - സ്മൃതി മന്ദാന & പ്രതീക റാവൽ (21 ഇന്നിംഗ്സ്)

ഏകദിനത്തിൽ ഓസ്ട്രേലിക്കെതിരായ പത്താമത്തെ അർധസെഞ്ച്വറിയാണ് സ്മൃതി അടിച്ചെടുത്തത്. കരിയറിലെ 33ാം ഫിഫ്റ്റിയാണിത്. ഓസീസിനെതിരെ നേരത്തെ 9 ഫിഫ്റ്റികൾ സ്വന്തമാക്കിയ ഇന്ത്യൻ മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ റെക്കോർഡും സ്മൃതി തകർത്തു.

SCROLL FOR NEXT