Source: X/ BCCI, PCB
CRICKET

"ആ പ്രശ്നം മറികടന്നാൽ ഏത് ടീമിനെയും ഞങ്ങൾക്ക് തോൽപ്പിക്കാനാകും"; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്യാപ്റ്റൻ

ഞായറാഴ്ചത്തെ ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാകിസ്ഥാൻ നായകൻ.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ ടീമുകളുടെയെല്ലാം ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇനി ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മെഗാ പോരാട്ടത്തിനുള്ള സമയമാണ്. ചിരവൈരികൾ തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യ ഉൾപ്പെടെയുള്ള എതിരാളികൾക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.

"കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മികച്ച ക്രിക്കറ്റാണ് കളിച്ചുവരുന്നത്. വരും മത്സരങ്ങളിലും ഞങ്ങൾ മികച്ച രീതിയിൽ കളിക്കേണ്ടതുണ്ട്. വളരെക്കാലമായി ഞങ്ങളുടെ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിയുമെങ്കിൽ, ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്," ഒമാനെതിരെ നേടിയ വിജയത്തിന് പിന്നാലെ ഞായറാഴ്ചത്തെ ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാകിസ്ഥാൻ നായകൻ.

"ബാറ്റിൻ്റെ കാര്യത്തിൽ ടീം ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പക്ഷേ ബൗളിംഗിൻ്റെ കാര്യത്തിൽ അത് മികച്ചതായിരുന്നു. സ്പിന്നർമാർ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു. ആദ്യ മാച്ചിൽ ഷഹീൻ അഫ്രീദിയും ഫഹീമും രണ്ടാമത്തെ സ്പെല്ലിൽ നന്നായി പന്തെറിഞ്ഞു. ഞങ്ങൾക്ക് മൂന്ന് സ്പിന്നർമാരുണ്ട്. എല്ലാവരും വളരെ വ്യത്യസ്തരാണ്. സായിമും ഞങ്ങളുടെ പക്കലുണ്ട്. പുതിയതും പഴയതുമായ പന്തുകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നിങ്ങൾ യുഎഇയിലേക്ക് വരുമ്പോൾ ധാരാളം സ്പിന്നർമാർ ആവശ്യമാണ്," ആഗ പറഞ്ഞു.

ഏഷ്യ കപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പത്രസമ്മേളനം അവസാനിച്ചപ്പോള്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പതിവ് ഹസ്തദാനങ്ങള്‍ക്കോ ആലിംഗനങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ വേദി വിട്ടിരുന്നു. ചോദ്യോത്തര സെഷന്‍ അവസാനിച്ചതിന് ശേഷം സല്‍മാന്‍ പുറത്തേക്കുള്ള വാതിലിൻ്റെ ഭാഗത്തേക്കാണ് പോയത്. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാന്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്ന മറ്റു ക്യാപ്റ്റന്‍മാർക്ക് ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.

SCROLL FOR NEXT