
ഓൾഡ് ട്രാഫോർഡ്: ഫിൽ സോൾട്ടിൻ്റെ കരിയർ ബെസ്റ്റ് പ്രകടനമികവിൽ ടി20യിലെ തങ്ങളുടെ എക്കാലത്തേയും ഉയർന്ന മാർജിനുള്ള വിജയം നേടി ഇംഗ്ലണ്ട്. ശക്തരായ ദക്ഷിണാഫ്രിക്കയെ 146 റൺസിന് തകർത്താണ് ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തിയത്. നേരത്തെ 2019ൽ ബാസറ്റെറെയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 137 റൺസിൻ്റെ വിജയത്തിൻ്റെ റെക്കോർഡാണ് ഇംഗ്ലീഷ് തിരുത്തിക്കുറിച്ചത്.
അതേസമയം, അന്താരാഷ്ട്ര ടി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ പരാജയം കൂടിയായി ഇത് മാറി. 2024ൽ ജൊഹന്നാസ്ബർഗിൽ ഇന്ത്യക്കെതിരെ വഴങ്ങിയ 135 റൺസിൻ്റെ തോൽവിയെന്ന നാണക്കേടിന് മുകളിൽ നിൽക്കുന്നൊരു പരാജയമായി ഇത് മാറി.
നേരത്തെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 300 റൺസെന്ന നാഴികക്കല്ല് ഇംഗ്ലണ്ട് പിന്നിട്ടിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലാണ് ഇംഗ്ലണ്ടിൻ്റെ റെക്കോർഡ് നേട്ടം. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്. ഇംഗ്ലണ്ടിനായി ഫിൽ സാൾട്ട് (60 പന്തിൽ 141), ജോസ് ബട്ട്ലർ (30 പന്തിൽ 89) റൺസും നേടി. ഫിൽ സോൾട്ട് തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. 19 പന്തിൽ അർധസെഞ്ച്വറി നേടിയ സോൾട്ട് 39 പന്തിൽ സെഞ്ച്വറിയും നേടി. 15 ഫോറുകളും എട്ട് സിക്സറുകളും താരം പറത്തി.
പരമ്പരയിലെ അവസാന പോരാട്ടം ഞായറാഴ്ച 2.30ന് നോട്ടിങ്ഹാമിൽ വച്ച് നടക്കും.