ഭുവനേശ്വർ: ഒന്നാം ടി20 മത്തരത്തിൽ ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 74 റൺസിന് പുറത്തായി. 12.3 ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂടാരം കയറി. 101 റൺസിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വീതം വിക്കറ്റും, ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റും നേടി.
ഡിവാൾഡ് ബ്രൂവിസ് (22) ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. പിന്നീട് ട്രിസ്റ്റൺ സ്റ്റബ്സ് (14), എയ്ഡൻ മാർക്രം (14) എന്നിവർ മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുള്ളൂ. നേരത്തെ ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു.
ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59) തിലക് വർമ (26), അക്സർ പട്ടേൽ (23) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
മൂന്ന് വിക്കറ്റെടുത്ത ലുങ്കി എങ്കിടിയും രണ്ട് വിക്കറ്റെടുത്ത സിപംലയും ചേർന്ന് ഇന്ത്യൻ ബാറ്റിങ് ദുഷ്ക്കരമാക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്കോർ 175ൽ എത്തിച്ചത്.