

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യ നേടിയ പരമ്പര വിജയത്തിന് മാറ്റേറെയാണ്. സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീം 2-0ന് തോൽക്കുകയെന്നത് അവിശ്വസനീയമായ കാര്യമാണ്. ആ പരാജയത്തിൻ്റെ ഷോക്കിൽ നിന്ന് ആരാധകരെ മോചിതരാക്കിയതിൻ്റെ ക്രെഡിറ്റ് രോ-കോ സഖ്യത്തിനുള്ളതാണ്. സമകാലിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച എൻ്റർടെയ്നർമാരാണ് ഇരുവരും.
ഗൗതം ഗംഭീറിൻ്റെ വരവിന് ശേഷം പടലപ്പിണക്കങ്ങൾ കൊണ്ട് അസ്വസ്ഥമായ ഇന്ത്യൻ ക്യാമ്പിൽ, പിന്നീടങ്ങോട്ടേക്ക് സീനിയർ താരങ്ങളുടെ പടിയിറക്കങ്ങളുടെ കുത്തൊഴുക്കായിരുന്നു. രവിചന്ദ്രൻ അശ്വിനിൽ തുടങ്ങി അത് ഇന്ത്യൻ ക്രിക്കറ്റിലെ മഹാമേരുക്കളായ രോഹിത് ശർമയിലേക്കും വിരാട് കോഹ്‌ലിയിലേക്കും വരെ എത്തി നിന്നു. എന്നാൽ ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇരുവരും പടിയിറങ്ങിയെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരാൻ തന്നെയായിരുന്നു രോ-കോ സഖ്യത്തിൻ്റെ ഒന്നിച്ചുള്ള തീരുമാനം. 2027 ഏകദിന ലോകകപ്പിൽ കിരീട നേട്ടത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് ഇരുവർക്കും താൽപ്പര്യമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് പരമ്പര വിജയം സമ്മാനിച്ചത് വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമയുടെയും ഉജ്ജ്വല ഫോമായിരുന്നു. മൂന്നൂറിന് മുകളിൽ റൺസ് പിറന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ, ടീമിന് മികച്ച തുടക്കം സമ്മാനിക്കുന്നതിൽ രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനം നിർണായകമായിരുന്നു.
തൻ്റെ പരമ്പരാഗതമായ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത രോഹിത്തിൻ്റെ വെടിക്കെട്ട് ശൈലിയാണ് ഓപ്പണർ യശസ്വി ജെയ്സ്വാളിനും മൂന്നാം ഏകദിനത്തിൽ തുണയായത്. അതിലൂടെ ജെയ്സ്വാളിൽ നിന്ന് അമിതസമ്മർദ്ദം ഒഴിവാകുകയും പതിയെ സെഞ്ച്വറിയിലേക്ക് കുതിക്കാനും സാധിച്ചു. ഇതിലൂടെ രോഹിത്തിൻ്റെ നേതൃഗുണവും യഥാർഥ വ്യക്തിത്വവും പ്രകടമായെന്നും സാക്ഷാൽ സുനിൽ ഗവാസ്കർ തന്നെ പ്രശംസിച്ചിരുന്നു.
പരമ്പരയിൽ 151 റൺസ് ആവറേജിൽ 302 റൺസാണ് കോഹ്ലി നേടിയത്. പ്ലേയർ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും വിരാട് തന്നെയായിരുന്നു. ആദ്യ മത്സരത്തിൽ 120 പന്തിൽ 135 റൺസ്, രണ്ടാം ഏകദിനത്തിൽ 93 പന്തിൽ 102 റൺസ്, മൂന്നാം ഏകദിനത്തിൽ 45 പന്തിൽ 65 റൺസ് എന്നിങ്ങനെയായിരുന്നു ചാംപ്യൻ പ്ലേയറുടെ പ്രകടനം.
കഴിഞ്ഞ ഓസ്ട്രേലിയൻ ഏകദിന പരമ്പരയിൽ രോഹിത് ശർമയായിരുന്നു പ്ലേയർ ഓഫ് ദി സീരീസ്. കരിയറിൻ്റെ അവസാന കാലത്തും ഇന്ത്യൻ ജഴ്സിയിൽ കളിക്കാനും റണ്ണടിച്ച് കൂട്ടാനും ഇരുവരും കാണിക്കുന്ന തീവ്രമായ ആഗ്രഹം പ്രകടമാണ്. അവസാനത്തെ അഞ്ച് ഏകദിന മത്സരങ്ങളിൽ 73, 121, 57, 14, 75 എന്നിങ്ങനെയാണ് രോഹിത്തിൻ്റെ ബാറ്റിങ് പ്രകടനം. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും രോഹിത് നേടി.
വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഫിഫ്റ്റി നേടിയതിനൊപ്പം കരിയറിൽ 20,000 റൺസ് നേടിയ നാലാമത്തെ ഇന്ത്യൻ താരമായി മാറാനും രോഹിത്തിനായി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 13ാം സ്ഥാനത്തേക്ക് ഉയരാനും രോഹിത്തിന് സാധിച്ചു. നിലവിൽ 538 മത്സരങ്ങളിൽ നിന്നായി അന്താരാഷ്ട്ര കരിയറിൽ ആകെ 20,048 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഇന്നലെ എബി ഡിവില്ലിയേഴ്സിനെ ആണ് (20,014) രോഹിത് മറികടന്നത്.
പ്രായക്കൂടുതലുള്ള സീനിയർ താരങ്ങളെ അവരുടെ പ്രകടന മികവിൻ്റെ അടിസ്ഥാനത്തിൽ ടീമിൽ നിന്ന് പുറന്തള്ളാമെന്ന ഗൗതം ഗംഭീറിൻ്റെ പ്രതീക്ഷകൾക്കാണ് ഇവിടെ തിരിച്ചടിയേറ്റത്. എന്നാൽ ഇന്ത്യ ഏറ്റവും ആഗ്രഹിച്ച സമയത്താണ് രോ-കോ സഖ്യം രക്ഷകരായി പുനരവതരിച്ചത്. 2025ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരും ഇരുവരും തന്നെയാണ്. വിരാട് കോഹ്ലി 13 മത്സരങ്ങളിൽ നിന്ന് 651 റൺസ് നേടിയപ്പോൾ, രോഹിത് 14 മത്സരങ്ങളിൽ നിന്ന് 650 റൺസാണ് നേടിയത്.
ദക്ഷിണാഫ്രിക്കയെ പോലെ ശക്തരായ ടീമിനെ എതിരിടാനും, അടിക്ക് തിരിച്ചടിയെന്ന മട്ടിൽ അവരെ തോൽപ്പിക്കാനും സാധിക്കുക ചില്ലറ കാര്യമല്ല. അവിടെ ഇന്ത്യക്ക് കൂട്ടായി രോഹിത്തും കോഹ്ലിയുമുണ്ടെങ്കിൽ പിന്നെ എന്ത് പ്രയാസം? അതെ ഈ വല്ല്യേട്ടന്മാർ തുടരുന്നത് വരെയെങ്കിലും ഇന്ത്യയുടെ എതിരാളികളോട് ആരാധകർക്ക് പറയാനുള്ളത് ഇതാണ്, ദം ഹേ തോ ഇസ് ഇന്ത്യാ കോ 'രോ-കോ'.