പുതുച്ചേരി: പുതുച്ചേരിയിലെ ഒരു അണ്ടർ 19 ക്രിക്കറ്റ് പരിശീലകനെ കളിക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ്സിൽ പരിശീലന സെഷനുകൾ നിരീക്ഷിക്കുന്നതിനിടെ ആണ് പരിശീലകൻ വെങ്കിട്ടരാമൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിശീലകൻ എസ്. വെങ്കിട്ടരാമൻ്റെ തോളിലും വാരിയെല്ലിലും അസ്ഥികൾക്ക് ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ നെറ്റിയിൽ 20 തുന്നലുകളിട്ട മുറിവുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഹൈദരാബാദിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിൽ കോച്ച് വെങ്കിട്ടരാമൻ സ്വാധീനം ചെലുത്തിയെന്ന് സംശയിച്ചാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചത്. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ വച്ചാണ് കോച്ചിനെ ആക്രമിച്ചത്.
വെങ്കിട്ടരാമൻ ഇപ്പോൾ ചികിത്സയിലാണ്. സിഎപി ഗ്രൗണ്ടിലെ സിസിടിവികൾ പ്രവർത്തനരഹിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഭവം പൊലീസ് കൊലപാതക ശ്രമമായി കണ്ട് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികൾക്കുമായി അന്വേഷണം ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിൻ്റെ പകയിൽ കാർത്തികേയൻ, അരവിന്ദ് രാജ്, സന്തോഷ് കുമാരൻ എന്നീ പ്രതികൾ പരിശീലകനെ ആക്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൂവരും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് നിരവധി തവണ മർദിക്കുകയും ചെയ്തിരുന്നു.