

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20യിൽ സഞ്ജു സാംസണെ മറികടന്ന് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ജിതേഷ് ശർമയാണ്. ഗുവാഹത്തിയിൽ നടന്ന ഒന്നാം ടി20യിൽ വിക്കറ്റിന് പിന്നിൽ നാല് ക്യാച്ചുകൾ ഉൾപ്പെടെ നേടി മികച്ച പ്രകടനമാണ് ജിതേഷ് പുറത്തെടുത്തത്. 32കാരനായ താരം മഹാരാഷ്ട്രയിലെ അമ്‌രാവതി സ്വദേശിയാണ്. വിദർഭയുടെ വലങ്കയ്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ്, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ താരമാണ്.
അതേസമയം, ഇന്ത്യൻ ടീമിലെ സഹതാരം സഞ്ജു സാംസൺ തനിക്ക് മൂത്ത ചേട്ടനെപ്പോലെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ. സഞ്ജു ചേട്ടനുമായുള്ള തൻ്റെ ബന്ധം ഏറെ ഊഷ്മളവും ബഹുമാനത്തിൽ അധിഷ്ഠിതവും പരസ്പര വളർച്ചയിൽ വേരൂന്നിയതുമാണെന്ന് ജിതേഷ് പറഞ്ഞു.
"ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനായെന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഞാൻ അദ്ദേഹത്തിന് ശേഷം വന്നയാളാണ്. സത്യം പറഞ്ഞാൽ സഞ്ജു ഭായ് ഒരു ജേഷ്ഠനെ പോലെയാണ്. ഞങ്ങൾ തമ്മിലുള്ളത് തികച്ചും ആരോഗ്യപരമായ ഒരു മത്സരം മാത്രമാണ്. അതിലൂടെ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി പുറത്തുകൊണ്ടുവരാൻ സാധിക്കുന്നുണ്ട്. അത് ടീമിനും നല്ലതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്," ജിതേഷ് ശർമ വ്യക്തമാക്കി.
"ഇന്ത്യൻ ടീമിൽ നിറയെ പ്രതിഭകളാണ്. നിങ്ങൾക്കും അത് കാണാനാകും. ആദ്യ മാച്ചിൽ സഞ്ജു ഭായ് പുറത്തായി, ഞാൻ കളിക്കാനിറങ്ങി. എനിക്ക് അദ്ദേഹത്തിന് പകരക്കാരനായി മത്സരിക്കണമെങ്കിൽ അതേനിലവാരത്തിലുള്ള മികച്ച പ്രകടനം നടത്തേണ്ടതായി വരും. അത് എൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കാറുണ്ട്," ജിതേഷ് പറഞ്ഞു.
"ഞങ്ങൾ ഇരുവരും ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്. സഹോദരങ്ങളെ പോലെയാണ് ഞങ്ങൾ ഇരുവരും. കളിക്കളത്തിന് പുറത്ത് വച്ച് പരസ്പരം ധാരാളം അനുഭവങ്ങൾ ഞങ്ങൾ പങ്കിടാറുണ്ട്. ഞാൻ ഇന്ത്യക്കായി കീപ്പിങ് ചെയ്യുമ്പോഴും ബാറ്റ് ചെയ്യുമ്പോഴുമെല്ലാം സഞ്ജു സാംസൺ എന്നെ പലതരം ഉപദേശങ്ങൾ തന്ന് വളരെയധികം സഹായിക്കാറുണ്ട്. അതാണ് ഞങ്ങളുടെ അടുപ്പം," ജിതേഷ് ശർമ കൂട്ടിച്ചേർത്തു.
കട്ടക്കിൽ ഏഴാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യക്കൊപ്പം 17 പന്തിൽ നിന്ന് 38 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്താനും ജിതേഷിനായിരുന്നു. അഞ്ച് പന്തിൽ നിന്ന് 10 റൺസ് നേടിയ ജിതേഷ് ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങി. വിക്കറ്റിന് പിന്നിൽ നിർണായകമായ നാല് ക്യാച്ചുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്. ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അടുത്തിടെയാണ് സഞ്ജു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയത്. രാജസ്ഥാൻ റോയൽസിനൊപ്പം വർഷങ്ങളോളം കളിച്ച താരം അവസാനത്തെ ഏതാനും സീസണുകളിൽ അവരുടെ ക്യാപ്റ്റനുമായിരുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയേയും സാം കറനേയും രാജസ്ഥാന് കൈമാറിയാണ് ചെന്നൈ അവരുടെ സ്പെഷ്യൽ ടാർഗറ്റിനെ ചൂണ്ടയിട്ട് പിടിച്ചത്.