ഐപിഎല്‍ കിരീടത്തിനായുള്ള ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ 18 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. കണ്ണീരോടെ കോഹ്ലി ഐപിഎല്‍ കീരിടത്തില്‍ മുത്തമിട്ടു. പഞ്ചാബ് കിംഗ്സിനെതിരെ ആറ് റണ്‍സിനായിരുന്നു ഫൈനലിലെ ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രേയസിനും കൂട്ടർക്കും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടിയ പഞ്ചാബ് ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ആയിരുന്നിരിക്കണം പഞ്ചാബ് നായകന്റെ ആ തീരുമാനം. നായകന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പഞ്ചാബ് ബൗളർമാരുടെ പ്രകടനം. ഫിലിപ്പ് സോള്‍ട്ടിന്റെ (16) വിക്കറ്റാണ് ബെംഗളൂരുവിന് ആദ്യം നഷ്ടമായത്. കൈൽ ജാമിസൺ എറിഞ്ഞ പന്തില്‍ ശ്രേയസ് അയ്യർ ക്യാച്ചെടുക്കുകയായിരുന്നു. 18 റണ്‍സായിരുന്നു അപ്പോള്‍ ആർസിബി സ്കോർ.
രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം കോഹ്ലി സ്കോർ ബോർഡ് ഉയർത്തി. 18 പന്തില്‍ 24 റണ്‍സെടുത്ത മായങ്ക് അഗർവാള്‍ ഏഴാം ഓവറില്‍ പുറത്തായി. സിംഗിളുകള്‍ എടുത്ത് വിരാട് കോഹ്ലി അപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ചു. 35 പന്തില്‍ 43 റണ്‍സെടുത്ത കോഹ്ലി 15-ാം ഓവറിലാണ് പുറത്തായത്. പകരം ക്രീസിലെത്തിയ രജത് പടിദാറും അടിച്ചുകളിക്കാന്‍ തീരുമാനിച്ചത്. 16 പന്തില്‍ 26 റണ്‍സാണ് പാട്ടിദാർ നേടിയത്. പടിദാറിന്റെ വിക്കറ്റും വീണതോടെ ബെംഗളൂരു സമ്മർദത്തിലായി. 10 പന്തില്‍ 24 റണ്‍സെടുത്ത് ജിതേഷ് ശർമയും ടീം സ്കോർ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് ബെംഗളൂരു നേടിയത്.
4 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് പഞ്ചാബ് ബൗളർ കൈൽ ജാമിസണ്‍ സ്പെല്‍ അവസാനിപ്പിച്ചത്. സോൾട്ട്, പട്ടീദാർ, ലിവിംഗ്സ്റ്റൺ എന്നിവരുടെ വിക്കറ്റുകളാണ് ജാമിസണ്‍ വീഴ്ത്തിയത്. അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് നേടി.
കന്നി കിരീടത്തില്‍ കുറഞ്ഞതൊന്നും വേണ്ട എന്നുറപ്പിച്ച് ഇറങ്ങിയപോലെയായിരുന്നു പഞ്ചാബിന്റെ മറുപടി ബാറ്റിങ്. ഓപ്പണർമാരായ പ്രിയാന്‍ഷ് ആര്യ (24), പ്രഭ്സിമ്രാന്‍ സിംഗ് (26) എന്നിവർ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. പ്രിയാന്‍ഷിനെ പുറത്താക്കി ഹേസല്‍വുഡ് ആർസിബിക്ക് മേല്‍ക്കൈ നല്‍കി. പിന്നീട് ഇടവേളകളില്‍ പഞ്ചാബ് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 30 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. അവസാന ഓവറില്‍ തിരിച്ചുവരവിന് ഒരു ശ്രമം കൂടി പഞ്ചാബ് വാലറ്റം ശ്രമിച്ചെങ്കിലും അപ്പോഴേക്കും മത്സരം കൈവിട്ടുപോയിരുന്നു.
നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് പഞ്ചാബിന്റെ ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ആർസിബിക്ക് വേണ്ടി ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി.