അഹമ്മദാബാദ്: ഐപിഎൽ 19ാം സീസൺ കലാശപ്പോരാട്ടം ഇന്ന്. സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളുരു റോയൽ ചലഞ്ചേഴ്സും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ. രണ്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. 19ാം സീസൺ ഐപിഎൽ ഫൈനൽ ഒന്നാം ക്വാളിഫയറിൻ്റെ ആവർത്തനമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ തന്നെ ഫൈനലിലും നേർക്കു നേർ. നിലവിലെ ചാമ്പ്യന്മാരായ രജത് പട്ടിതാർ നയിക്കുന്ന ബംഗളൂരുവിന് ഒത്ത എതിരാളികളാണ് ശുഭ്മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസ്.
നിലവിലെ ചാമ്പ്യന്മാരുടെ പകിട്ട് കൊണ്ട് മാത്രമല്ല, കുട്ടിക്രിക്കറ്റിന് ചേർന്ന ഒരൊന്നൊന്നര ടീമുമായാണ് ബംഗളുരു ഫൈനലിനുമിറങ്ങുന്നത്. കിങ് കോഹ്ലിയിൽ തുടങ്ങി 8 ബാറ്റർമാരെ ലഭിക്കുന്ന ബാറ്റിങ് ലൈനപ്പ്. വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത്ത് പട്ടിദാർ തുടങ്ങി ഫിനിഷറായ ടീം ഡേവിഡടങ്ങുന്ന ലോകോത്തര താരനിര. ഓൾറൗണ്ടർമാരായി ക്രുനാൽ പാണ്ഡ്യയും റൊമാരിയോ ഷെപ്പേഡും. ഭുവനേശ്വർ കുമാറിൻ്റെയും ജോഷ് ഹേസൽവുഡിൻ്റെയും നേതൃത്വത്തിലുള്ള ബൗളിങ് നിരയും സുശക്തം.
ശക്തമായ പേസ് നിരയുമായി ഈ സീസണിൽ മുന്നേറിയ ടീമാണ് ഗുജറാത്ത്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും നൽകുന്ന ഓപ്പണിംഗ് സ്പെൽ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന് മുൻതൂക്കം നൽകിയിരുന്നു. ജേസൺ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കും. 700ൽ അധികം റൺസുമായി റൺ വേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സായ് സുദർശനും ശുഭ്മാൻ ഗില്ലും. ഓപ്പണർമാർ നൽകുന്ന ഈ തുടക്കമാണ് ഗുജറാത്തിൻ്റെ നട്ടെല്ല്. മൂന്നാം നമ്പറിലെത്തുന്ന ജോസ് ബട്ട്ലറും മികച്ച ഫോമിൽ. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് ഗുജറാത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ഒന്നാം ക്വാളിഫയറിലെത്തിയപ്പോൾ 92 റൺസിൻ്റെ ആധികാരിക ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. കിരീടം നേടിയാൽ ചെന്നൈക്കും മുംബൈക്കും ശേഷം കിരീടം നിലനിർത്തുന്ന ടീമും രണ്ട് കിരീടം നേടുന്ന നാലാമത്തെ ടീമുമാകും ബംഗളുരു. മൂന്നാം ഫൈനലിനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാൽ രണ്ട് കിരീടമെന്ന റെക്കോർഡ് പുസ്തകത്തിലും ഇടം നേടാം.