

ഐപിഎല്ലില്‍ വിരാട് കോഹ്ലിയുമായുണ്ടായ വാഗ്വാദത്തിനു പിന്നാലെ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്ക ഡേവിഡ് തുറന്നു പറഞ്ഞത് വലിയ വാർത്തയായിരുന്നു. തൻ്റെയും കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ കടുത്ത അധിക്ഷേപ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നാണ് ജെസീക്ക ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഫാന്‍ ഫൈറ്റ് എന്ന് നിര്‍ദോഷമായി വിളിക്കാവുന്ന കാര്യങ്ങളല്ല 'സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി' എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് എന്ന് വ്യക്തം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ക്രിക്കറ്റിന്റെ അനുബന്ധ വാണിജ്യ മേഖലകള്‍ ബോധപൂര്‍വം വളര്‍ത്തിയെടുത്ത ആസൂത്രിതമായ, പണം ഒഴുകുന്ന 'ആക്രമണമാണ്' ഇപ്പോള്‍ നിയന്ത്രണാതീതമായി മാറിയിരിക്കുന്നത്.
സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ്ങിനായി തുടങ്ങിയത് ക്രമേണ നിയന്ത്രിക്കാനാകാത്ത രീതിയില്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു. ഒരു താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ വന്‍ തുകകള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതെങ്കിലും കളിക്കാരനെതിരെ അധിക്ഷേപ കമന്റുകളും വിദ്വേഷ പ്രചാരണങ്ങളും നടത്താനായി 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ഈടാക്കുന്ന ഏജന്‍സികള്‍ ഉണ്ടെന്ന് ഈ മേഖലയുമായി അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപവാദ പ്രചരണങ്ങള്‍ നടത്തുന്നതിനായി ആദ്യം അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ സ്ഥിതി വിവരക്കണക്കുകള്‍ നല്‍കാന്‍ സാധിക്കും. ഇത് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആക്കുക എന്നത് ഈ ഏജന്‍സികളുടെ ചുമതലയാണ്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം ട്രെന്‍ഡിങ് നിലനിര്‍ത്തുന്നതിന് നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കും.
ഈ ടോക്‌സിക് രീതി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ രൂപപ്പെട്ടതാണ്. ആരാധകരുമായി ഇടപഴകുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും പണം വാരിക്കൂട്ടാനുള്ള വാണിജ്യ കേന്ദ്രമായി സോഷ്യല്‍മീഡിയ മാറിയതോടെയാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ചുറ്റുമുള്ള കളികളുടെ സ്വഭാവം മാറിയത്.
പുതിയ കാലത്ത്, ഫോളോവേഴ്‌സിന്റെ എണ്ണമാണ് താരത്തിന്റെ ഡിജിറ്റല്‍ പരസ്യങ്ങളുടെ മൂല്യം നിശ്ചയിക്കുന്ന പ്രധാനഘടകം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരൊറ്റ ഹാഷ്ടാഗ് കോടിക്കണക്കിന് രൂപയുടെ പരസ്യക്കരാറുകളിലേക്ക് വഴിതുറക്കും എന്ന അവസ്ഥ വന്നു. ഇതോടെയാണ്, കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്. ഇതോടെ, താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും പരസ്യങ്ങളും കൈകാര്യം ചെയ്യുന്ന സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനികള്‍ രംഗപ്രവേശനം ചെയ്തു.
കൂടുതല്‍ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ പേജുകളെയും ഗ്രൂപ്പുകളെയും ഇത്തരം കമ്പനികള്‍ നിരീക്ഷിക്കും. ഒരു പ്രത്യേക കളിക്കാരന് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നേടിക്കൊടുക്കുന്നതിനായി ഈ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തും. ഇതാണ് പ്രവര്‍ത്തന രീതി. ഇതോടെ, താരങ്ങള്‍ക്കായുള്ള സോഷ്യല്‍മീഡിയ ഫാന്‍ ക്ലബ്ബുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങി.
മാറിമറിയുന്ന സോഷ്യല്‍മീഡിയ അല്‍ഗോരിതം വസ്തുതകളേക്കാള്‍ വെറുപ്പിനും പ്രകോപനങ്ങള്‍ക്കും മുന്‍ഗണന നല്‍കി. ആരോഗ്യപരമായ പ്രോത്സാഹനങ്ങളെക്കാളും വിമര്‍ശനങ്ങളെക്കാളും മുന്‍തൂക്കം അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമായി. തുടക്കത്തില്‍ നിരുപദ്രവകരമായ ആരാധക ഇടപെടലുകള്‍ എന്ന് തോന്നിച്ചവ, പതിയെ ആസൂത്രിതമായ പ്രചാരണ ആയുധമായി മാറുകയായിരുന്നു.
ഒരു താരത്തെ അമിതമായി പുകഴ്ത്താനും, അതേസമയം മറ്റൊരു കളിക്കാരനെ തരംതാഴ്ത്താനും ഇത്തരം കൃത്രിമമായ പ്രചാരണങ്ങള്‍ ഒരേപോലെ ഉപയോഗിക്കാമെന്ന് മാനേജര്‍മാരും ഏജന്‍സികളും സോഷ്യല്‍ മീഡിയ ഓപ്പറേറ്റര്‍മാരും തിരിച്ചറിഞ്ഞു. എന്നാല്‍, ഈ തന്ത്രം കൈവിട്ടുപോകും എന്ന് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ദീര്‍ഘവീക്ഷണം ആര്‍ക്കും ഉണ്ടായില്ല.
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്പരം പോരടിക്കുന്ന സൈന്യങ്ങളും കൊലവിളി സംഘങ്ങളുമായി രൂപാന്തരപ്പെട്ടു. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ട്രെന്‍ഡുകള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.
അധിക്ഷേപങ്ങള്‍ താരങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. വ്യാജ ഐഡികളില്‍ നിന്നുണ്ടാക്കുന്ന വെറുപ്പ് വരുമാനമാര്‍ഗ്ഗമായി മാറുകയും താരങ്ങളുടെ ഭാര്യമാരും മാതാപിതാക്കളും കുട്ടികളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം അതിന്റെ ഇരകളായി മാറുകയും ചെയ്തു.