ന്യൂചണ്ഡീഗഡ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ബെംഗളൂരുവിനെ നേരിടും. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ തകർത്താണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ഏഴ് വിക്കറ്റിനാണ് ഗുജറാത്തിൻ്റെ ജയം ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ആർസിബിയോട് പൊരുതാൻ ഗുജറാത്ത്. ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ രാജസ്ഥാനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് ഗുജറാത്ത് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിൻ്റെ സെഞ്ചുറിയുടെയും സായ് സുദര്‍ശൻ്റെ അര്‍ധ സെഞ്ചുറിയുടെയും പിൻബലത്തിൽ ഗുജറാത്ത് മറികടന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറിലാണ് ഗുജറാത്ത് ലക്ഷ്യത്തിലെത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. റെക്കോർഡുകൾ തകർത്ത് ചരിത്ര നേട്ടം കുറിച്ച 15 കാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. എന്നാൽ ഗുജറാത്തിൻ്റെ ബാറ്റിങ് മികവിൽ രാജസ്ഥാന് അടിപതറി. 47 പന്തില്‍ സെഞ്ചുറിനേടിയ ഗില്‍ 53 പന്തില്‍ 104 റണ്‍സെടുത്ത് ടോപ് സ്കോററായി. 32 പന്തില്‍ 58 റണ്‍സെടുത്ത സായ് സുദര്‍ശൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി പുറത്തായി.16 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിൻ്റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി.
തുടക്കം തന്നെ മിന്നിച്ച് രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി റെക്കോഡുകൾ തകർത്താണ് റൺസ് വാരിക്കൂട്ടിയത് . 47 പന്തില്‍ 96 റണ്‍സെടുത്ത വൈഭവ് ഐപിഎല്ലിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി. രവീന്ദ്ര ജഡേജ 35 പന്തില്‍ 45 റണ്‍സെടുത്തപ്പോള്‍ ഡൊണൊവന്‍ ഫെരേര 11 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.