CRICKET

IPL 2026 | വൈഭവിനോട് കളി വേണ്ട; കൈൽ ജാമിസണിന് പണികൊടുത്ത് മാച്ച് റഫറി!

എതിർ താരത്തെ വാക്കുകൾ കൊണ്ട് അവഹേളിക്കുന്നതും പ്രകോപിപ്പിക്കുന്നതുമാണ് ഡൽഹി താരത്തിൻ്റെ പ്രവൃത്തിയെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: രാജസ്ഥാൻ റോയൽസിനെതിരായ വെള്ളിയാഴ്ചത്തെ ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസണിൻ്റെ അതിരുകടന്ന ആഹ്ളാദ പ്രകടനത്തിന് പണികിട്ടി! രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓപ്പണർ വൈഭവ് സൂര്യവൻഷിയെ ക്ലീൻ ബൗൾഡാക്കിയ ശേഷം നടത്തിയ ഓവർ അഗ്രഷനാണ് കൈവിട്ടു പോയത്. ഇതിനെതിരെ ഐപിഎൽ അച്ചടക്ക സമിതി നടപടിയെടുത്തിട്ടുണ്ട്.

15കാരനായ യുവതാരത്തിന് നേരെ ന്യൂസിലൻഡ് പേസർ നടത്തിയത് ഐപിഎൽ കോഡ് ഓഫ് കണ്ടക്ടിൻ്റെ ലംഘനമാണെന്നാണ് റിപ്പോർട്ട്. എതിർ താരത്തെ വാക്കുകൾ കൊണ്ട് അവഹേളിക്കുന്നതും പ്രകോപിപ്പിക്കുന്നതുമാണ് ഡൽഹി താരത്തിൻ്റെ പ്രവൃത്തിയെന്നും മാച്ച് റഫറി കണ്ടെത്തി. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ കൈൽ ജാമിസണിനെ വിമർശിച്ച് രംഗത്തെത്തി.

മാച്ച് റഫറി രാജീവ് സേത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഐപിഎൽ കോഡ് ഓഫ് കണ്ടക്ടിൻ്റെ ലെവൽ വൺ പ്രകാരമുള്ള ലംഘനമാണ് കണ്ടെത്തിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ഐപിഎൽ നിയമത്തിൻ്റെ ആർട്ടിക്കിൾ 2.5 പ്രകാരമുള്ള കുറ്റകൃത്യം കൈൽ ജാമിസൺ ചെയ്തതായി മാച്ച് റഫറി ചൂണ്ടിക്കാട്ടി. അത് പ്രകാരം താരത്തിന് ഒരു ഡീമെറിറ്റ് പോയിൻ്റ് ചുമത്തുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും തെറ്റ് ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടികൾ നേരിടാം.

ഇന്നലെ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അർധസെഞ്ച്വറി നേടിയ കെ.എൽ. രാഹുലാണ് കളിയിലെ താരം.

SCROLL FOR NEXT