വെറും 15 വയസ്സുള്ള ഒരു കൗമാരക്കാരനെ തളയ്ക്കാൻ ലോകം കണ്ട മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുമ്രക്ക് പവർപ്ലേയിൽ തന്നെ പന്തെടുക്കേണ്ടി വരുമോ എന്നതാണ് ഇന്ന് ഐപിഎല്ലിലെ മുംബൈ- രാജസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാന ചർച്ച. കനത്ത മഴയെത്തുടർന്ന് മത്സരം ഇരു ടീമുകൾക്കും 11 ഓവറായി വെട്ടിച്ചുരുക്കിയതോടെ കാണികൾ പ്രതീക്ഷിച്ച പോരാട്ടം സാക്ഷ്യം വഹിക്കാനാവുമോ എന്ന ആശങ്കയിലാണ്.
സാധാരണയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ മാസ്റ്റർ കാർഡ് ആയ ബുമ്രയെ പവർപ്ലേയ്ക്ക് ശേഷം വിക്കറ്റുകൾ വീഴ്ത്താനോ അല്ലെങ്കിൽ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാനോ ആണ് കരുതിവെക്കാറുള്ളത്. എന്നാൽ സൂര്യവൻഷിയുടെ ക്രീസിലെ എനർജി മുംബൈയുടെ ഈ പ്ലാനുകൾ മാറ്റിയെഴുതാൻ നിർബന്ധിതമാക്കിയേക്കാം.
ആകാശ് ചോപ്രയുടെ വാക്കുകളിൽ പറഞ്ഞാൽ, ഇതൊരു കേവല മത്സരമല്ല, മറിച്ച് ഒരു തലമുറയുടെ തന്നെ മാറ്റമാണ്. "ഒരു 15 വയസ്സുകാരനെ ലോക്ക് ചെയ്യാൻ മുംബൈയ്ക്ക് അവരുടെ അൾട്ടിമേറ്റ് വെപ്പൺ ആയ ബുമ്രയെ തന്നെ പവർപ്ലേയിൽ ഇറക്കേണ്ടി വന്നാൽ, ആ പയ്യൻ മാനസികമായി ഓൾറെഡി വിജയിച്ചു കഴിഞ്ഞു! അത്രയും ചെറിയ പ്രായത്തിൽ ബുമ്രയെപ്പോലൊരു ഇതിഹാസത്തെ നേരിടാൻ ഇറങ്ങുക എന്നത് തന്നെ വലിയ കാര്യമാണ്. ബുമ്ര ആദ്യ ഓവർ എറിയാൻ വരികയാണെങ്കിൽ ഞാൻ എൻ്റെ തൊപ്പി ഊരി ആ കുട്ടിയെ വണങ്ങും,"
റെക്കോർഡുകൾ തകർക്കുന്ന 'വണ്ടർകിഡ്'
ക്രിക്കറ്റ് ലോകത്ത് വൈഭവ് സൂര്യവൻഷി എന്ന പേര് ഇന്ന് ഒരു തരംഗമാണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ വൈഭവ്, ഗ്രൗണ്ടിൽ പ്രായത്തിന് നിരക്കാത്ത പക്വതയാണ് കാണിക്കുന്നത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രം 237 സ്ട്രൈക്ക് റേറ്റിൽ 83 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, സിഎസ്‌കെയ്‌ക്കെതിരെ വെറും 15 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് ഏവരെയും ഞെട്ടിച്ചിരുന്നു. പേസ് ബൗളർമാരെ ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന് സിക്‌സർ പറത്തുന്ന വൈഭവിൻ്റെ ശൈലി ആരാധകർക്ക് പുതിയൊരു വിരുന്നാണ്.
സ്വിംഗ് ബോളിംഗ് ഒരു റെഡ് ഫ്ലാഗ് ആണോ?
എല്ലാവരും ബുമ്രയുടെ യോർക്കറുകളെക്കുറിച്ച് സംസാരിക്കുമ്പോഴും, വൈഭവിനെ വീഴ്ത്താൻ മുംബൈ മറ്റൊരു തന്ത്രം കൂടി പയറ്റിയേക്കാം. ട്രെൻ്റ് ബോൾട്ടും ദീപക് ചഹറും ചേർന്ന് പവർപ്ലേയിൽ പന്ത് സ്വിംഗ് ചെയ്യിച്ചാൽ വൈഭവ് പ്രതിരോധത്തിലായേക്കാം. വൈഭവിനെ വട്ടം കറക്കാൻ സ്വിംഗ് ബോളിംഗിന് കഴിഞ്ഞേക്കും. ഗുവാഹത്തിയിലെ രാത്രികാല മത്സരങ്ങളിൽ ആദ്യ ഓവറുകളിൽ പന്തിന് നല്ല മൂവ്‌മെൻ്റ് ലഭിക്കാറുള്ളത് മുംബൈയ്ക്ക് അനുകൂല ഘടകമാണ്.
ബുമ്രയുടെ വിക്കറ്റ് വരൾച്ച അവസാനിക്കുമോ?
മറ്റൊരു കൗതുകകരമായ കാര്യം, ലോകം ഭയക്കുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഈ ഐപിഎൽ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല എന്നതാണ്. റണ്ണുകൾ വിട്ടുകൊടുക്കുന്നതിൽ ബുമ്ര പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും സൂപ്പർതാരത്തിൻ്റെ വിക്കറ്റ് കോളം ഇപ്പോഴും ശൂന്യമാണ്. അതുകൊണ്ടുതന്നെ, രാജസ്ഥാൻ്റെ ഈ യുവ തുറുപ്പുചീട്ടിനെ പുറത്താക്കി തൻ്റെ വിക്കറ്റ് വേട്ട തുടങ്ങാനായിരിക്കും ബുമ്രയുടെ ലക്ഷ്യം. വിക്കറ്റിനായി വിശന്നിരിക്കുന്ന ഒരു സിംഹവും പേടിയില്ലാതെ ബാറ്റ് വീശുന്ന ഒരു കുട്ടിയും തമ്മിലുള്ള ഈ പോരാട്ടം ഗുവാഹത്തിയിൽ ആവേശത്തിൻ്റെ കൊടുമുടി തീർക്കുമെന്നുറപ്പാണ്.