കൊളംബോ: ബാറ്റിങ് ദുഷ്ക്കരമായ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ തകർപ്പൻ അർധസെഞ്ച്വറിയാണ് ഇഷാൻ കിഷൻ പാകിസ്ഥാനെതിരെ നേടിയത്. 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇഷാൻ തിളങ്ങിയില്ലായിരുന്നു എങ്കിൽ കൊളംബോയിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യക്ക് 150 റൺസ് പോലും നേടാൻ കഴിയുമായിരുന്നില്ല.
പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണർ ഇഷാൻ കിഷനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ രംഗത്തെത്തിയിരുന്നു. സ്കോർ ബോർഡിൽ റൺസെത്തും മുൻപേ തന്നെ അഭിഷേക് ശർമയെ നഷ്ടമായിട്ടും ഇഷാൻ കിഷൻ ബാറ്റ് ചെയ്ത രീതി തന്നെ വിസ്മയിപ്പിച്ചെന്ന് സൂര്യ മത്സര ശേഷം പറഞ്ഞു. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കണമായിരുന്നു. അവൻ കളിച്ച രീതി മികച്ചതായിരുന്നു എന്നും സൂര്യ പ്രശംസിച്ചു.
അതേസമയം, പാകിസ്ഥാനെതിരായ ബാറ്റിങ് പ്രകടനത്തോടെ പാകിസ്ഥാനെതിരെ അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കാനും ഇഷാന് സാധിച്ചു. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിൻ്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇഷാൻ കിഷൻ കൊളംബോയിൽ കുറിച്ചത്. നിലവിൽ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ മറികടന്നാണ് ഈ നേട്ടം. 2007ല്‍ ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ഗംഭീര്‍ 75 റണ്‍സ് നേടിയ റെക്കോർഡാണ് കിഷൻ പിന്തള്ളിയത്.
പാകിസ്ഥാനെതിരായ ടോപ് സ്കോറർമാരുടെ ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇതിഹാസ താരമായ വിരാട് കോഹ്‌ലിയാണുള്ളത്. 2022 ടി20 ലോകകപ്പിൽ പാകിസ്താനെതിരെ പുറത്താകാതെ കോഹ്‌ലി നേടിയ 82 റൺസാണ് ഈ കൂട്ടത്തിൽ ഒന്നാമത്. അതേസമയം, 2012ൽ പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ 78 റൺസാണ് രണ്ടാമത്.