Image: X
CRICKET

"ഇത്രയൊക്കെ ചെയ്തില്ലേ? ഇനിയെങ്കിലും ആ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് തിരിച്ചു കൊടുക്കൂ"; പാണ്ഡ്യക്കെതിരെ മുന്‍ താരം

അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റു, പോയിന്റ് ടേബിളില്‍ ടീമിനെ കണ്ടെത്തണമെങ്കില്‍ അവസാനത്തു നിന്ന് നോക്കിത്തുടങ്ങണം

Author : ന്യൂസ് ഡെസ്ക്

അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റു, പോയിന്റ് ടേബിളില്‍ ടീമിനെ കണ്ടെത്തണമെങ്കില്‍ അവസാനത്തു നിന്ന് നോക്കിത്തുടങ്ങണം, ഒമ്പതാം സ്ഥാനത്താണുള്ളത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഹാര്‍ദിക് പാണ്ഡ്യ മാറി നില്‍ക്കണം, പകരം രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കണം....

ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ മനോജ് തിവാരി ഉന്നയിച്ചത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ ദയനീയ പ്രകടനത്തോടെ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയും മുംബൈ ഇന്ത്യന്‍സ് ഏറ്റുവാങ്ങിയതോടെയാണ് ഹാര്‍ദിക്കിനെതിരെ വിമര്‍ശനവും ശക്തമായത്.

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഇന്നത്തെ അവസ്ഥ നോക്കൂ എന്നാണ് ആരാധകര്‍ പരിതപിക്കുന്നത്. മാര്‍ച്ച് 29 ന് വാങ്കഡേ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ ജയിക്കാനായത്. ഏറ്റവും മോശം നിലയിലാണ് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെന്നാണ് ക്രിക്ക്ബസിനോട് മനോജ് തിവാരി പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ 'ഉത്തരവാദിത്തം എങ്ങനെയാണ് ഉണ്ടാകുന്നത്? ആദ്യം അവനവനെ തന്നെ നോക്കണം. നിങ്ങള്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് ആദ്യം പരിശോധിക്കൂ. ഈ വര്‍ഷം വിജയങ്ങളില്ല എന്ന് കരുതി, തെറ്റുകള്‍ ഈ കൊല്ലം മാത്രമാണ് ഉണ്ടായതെന്ന് എനിക്ക് അഭിപ്രായമില്ല. തെറ്റുകളുടെ മൂലകാരണം കണ്ടെത്തണം. 2015-2023 കാലത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം നേടാന്‍ രോഹിത് ശര്‍മ സഹായിച്ചിട്ടുണ്ട്'.

ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് തിരിച്ചു നല്‍കണമെന്നും തിവാരി ആവശ്യപ്പെട്ടു. '2023 ലും 2024 ലും ടീമിന് ട്രോഫി കിട്ടിയിട്ടില്ല. അതു തന്നെ ഈ കൊല്ലവും നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ക്യാപ്റ്റന്‍സി ദുര്‍ബലമാണെന്നാണ് ഞാന്‍ കാണുന്നത്. ഇത്രയും പരുഷമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ, ടീമിനെ നയിക്കേണ്ട രീതിയിലല്ല ഹാര്‍ദിക് കൊണ്ടുപോകുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മുന്‍കൈയെടുക്കേണ്ടത് പ്രധാനമാണ്. പരിഹാരം വേണമെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനവും ഉത്തരവാദിത്തവും ഹാര്‍ദിക് രോഹിത് ശര്‍മയ്ക്ക് തിരികെ നല്‍കണം. രോഹിത്തിനെ മാറ്റിയത് തന്നെ അനീതിയാണ്'.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ മാത്രമല്ല, തന്ത്രങ്ങളേയും തിവാരി ചോദ്യം ചെയ്യുന്നുണ്ട്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഹാര്‍ദിക്കിന്റെ തന്ത്രങ്ങള്‍ പാളിയോ എന്ന സംശയമാണ് മനോജ് തിവാരി മുന്നോട്ടുവെച്ചത്. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന് മുന്നെ സ്വയം ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറങ്ങിയ ഹാര്‍ദിക്കിന്റെ തീരുമാനത്തെ തിവാരി വിമര്‍ശിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ദീപക് ചാഹറിനെ കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിപ്പിക്കാനുള്ള നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

12 ബോളില്‍ 14 റണ്‍സ് ആണ് അദ്ദേഹം നേടിയത്. റൂഥര്‍ഫോര്‍ഡിന് കിട്ടിയത് അഞ്ച് ബോളാണ്. കൂടുതല്‍ ബോള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കില്‍ മൂന്നോ നാലോ സിക്‌സുകള്‍ അടിച്ചേനെ. തന്നെ കൊണ്ട് പറ്റും എന്നാണ് ഹാര്‍ദിക് പാണ്ഡ്യ കരുതിയത്. ചെയ്യാന്‍ പറ്റുമായിരുന്നു, റൂഥര്‍ഫോര്‍ഡിന് അവസരം നല്‍കണമായിരുന്നു. മാത്രമല്ല, ബുംറയ്ക്ക് ആദ്യ ഓവര്‍ നല്‍കാതെ രണ്ടാം ഓവര്‍ നല്‍കിയത് എന്തിനാണെന്നും തിവാരി ചോദിച്ചു.

SCROLL FOR NEXT