Source: X/ BCCI
CRICKET

"യുവരാജാവിനെ വാഴിക്കാൻ..."; സഞ്ജുവിനോട് ബിസിസിഐ കാണിച്ച അനീതി വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് സെലക്ടർമാർക്കെതിരെ ഈ വിമർശനം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സഞ്ജു സാംസണിനോട് ടീം ഇന്ത്യയും ബിസിസിഐയും ചെയ്യുന്ന അനീതി പരസ്യമായി തുറന്നുകാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവ് ശുഭ്മാൻ ഗില്ലിനെ ഭാവി നായകനാക്കി വളർത്തിയെടുക്കാൻ ടീം ലക്ഷ്യമിടുന്നതിനാൽ സഞ്ജുവിനെ ഒരു നിഴലാക്കി മാറ്റുകയാണ് എന്നാണ് മുഹമ്മദ് കൈഫിൻ്റെ വിമർശനം. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് സെലക്ടർമാർക്കെതിരെ ഈ വിമർശനം നടത്തിയത്.

"ശുഭ്മാൻ ഗിൽ ടീമിൽ ഇല്ലായിരുന്നുവെങ്കിൽ സഞ്ജു സാംസൺ ഓസീസിൽ എല്ലാ മാച്ചും കളിക്കുമായിരുന്നു. അതേക്കുറിച്ച് ഒരു ആശയക്കുഴപ്പവും ഇല്ല. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ വന്നതിനാൽ എല്ലാ മത്സരങ്ങളിലും കളിക്കുന്നുണ്ട്. സഞ്ജു അല്ലെങ്കിൽ ജിതേഷ് ശർമ എന്നിവരിൽ ഒരാളെ മധ്യനിരയിൽ തെരഞ്ഞെടുക്കുമ്പോൾ, ജിതേഷ് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാൻ അനുയോജ്യനാണ്. അത് അദ്ദേഹം ഐപിഎല്ലിൽ കളിച്ച് തെളിയിച്ചതാണ്," കൈഫ് പറഞ്ഞു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

"ഗില്ലിനെ ഭാവി ക്യാപ്റ്റനും കളിക്കാരനുമായി വളർത്തിയെടുക്കാൻ ടീം ലക്ഷ്യമിടുന്നതിനാൽ, സഞ്ജു സാംസൺ ടീമിലെ ഒരു നിഴലായി മാറി. ജിതേഷ് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കും. സഞ്ജുവിന് ടി20യിൽ മികച്ച റെക്കോർഡ് ഉണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിച്ച പുതിയ ബാറ്റിങ് പൊസിഷൻ കാരണം അദ്ദേഹം ടീമിന് പുറത്താവുകയാണ്," കൈഫ് പറഞ്ഞു.

സഞ്ജുവിൻ്റെ ഈ മോശം അവസ്ഥയിൽ ഇന്ത്യൻ ആരാധകരും ആശങ്കയിലാണ്. ബ്രിസ്ബേനിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിലും താരത്തെ തഴഞ്ഞിരിക്കുകയാണ്. ഇത് മലയാളി താരത്തിൻ്റെ ഇന്ത്യൻ ടീമിലെ ഭാവിയെ പോലും ഏറെ പ്രതികൂലമായി ബാധിക്കും. ഗില്ലിനെ വളർത്തുന്നതിനായി സഞ്ജുവിനെ നിഴലാക്കി മാറ്റുന്ന ബിസിസിഐയുടെ പ്രവണതയെ പരസ്യമായി ചോദ്യം ചെയ്ത് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നത്.

SCROLL FOR NEXT