CRICKET

"അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറഞ്ഞതിനാണ് എനിക്ക് രാജിവെക്കേണ്ടി വന്നത്"; ബാബര്‍ അസമിനെതിരെ മുന്‍ താരം

ഒരാള്‍ക്ക് അടിസ്ഥാനപരമായ കഴിവില്ലെങ്കില്‍ മനസ്സിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും യൂസുഫ്

Author : ന്യൂസ് ഡെസ്ക്

പാക് താരം ബാബര്‍ അസമിനെതിരെ മുന്‍ താരം മുഹമ്മദ് യൂസുഫ്. ഒരു പോഡ്കാസ്റ്റിലാണ് യൂസുഫിന്റെ വിമര്‍ശനം. ടി20 ലോകകപ്പില്‍ ബാബര്‍ അസമിന്റെ മോശം പ്രകനടത്തിനു പിന്നാലെയാണ് യൂസുഫ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ടി20 യില്‍ മികവ് പുലര്‍ത്താനുള്ള വൈദഗ്ധ്യം ബാബറിന് ഇല്ലെന്ന് യൂസുഫ് തുറന്നു പറഞ്ഞു. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ ബാബര്‍ അസമിന് ഇതുവരെ നേടാനായത് വെറും 66 റണ്‍സ് മാത്രമാണ്.

ബാബര്‍ അസം കാരണമാണ് താന്‍ പാകിസ്ഥാന്‍ ടീമിന്റെ സെലക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചതെന്ന ഗുരുതര വെളിപ്പെടുത്തലും യൂസുഫ് നടത്തി. ബാബര്‍ അസമിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. ഇന്നാല്‍ ഈ ആവശ്യം തള്ളി. ടീം മാനേജ്‌മെന്റ് മുഴുവന്‍ തനിക്കെതിരായി നിന്നുവെന്നും മുഹമ്മദ് യൂസുഫ് വെളിപ്പെടുത്തി.

കഴിഞ്ഞ 2-3 വര്‍ഷമായി ബാബറിന്റെ ശൈലി പാളിയതായി താന്‍ പറയുന്നുണ്ട്. അദ്ദേഹം ഫോമിലല്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അതല്ല സത്യം, ഒരു കളിക്കാരന് രണ്ടോ മൂന്നോ പരമ്പരകളില്‍ ഫോമില്ലാതിരിക്കാം. എന്നാല്‍, കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ബാബര്‍ റണ്‍സ് എടുക്കുന്നില്ല.

ബാബറിന് വിശ്രമം നല്‍കണമെന്ന് പറഞ്ഞ നിമിഷം മുതല്‍ എല്ലാവരും തനിക്കെതിരെ തിരിഞ്ഞു. ഇക്കാരണം കൊണ്ടാണ് തനിക്ക് രാജിവെക്കേണ്ടി വന്നത്. ഒടുവില്‍ ഏതാനും പരമ്പരകള്‍ക്ക് ശേഷം അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

'ഹൗ ഡസ് ഇറ്റ് വര്‍ക്ക്' എന്ന പോഡ്കാസ്റ്റിലൂടെയാണ് മുഹമ്മദ് യൂസുഫിന്റെ തുറന്നു പറച്ചില്‍.

താരങ്ങളുടെ മനോനില മാത്രമല്ല കാരണമെന്നും യൂസുഫ് പറഞ്ഞു. ഒരാള്‍ക്ക് അടിസ്ഥാനപരമായ കഴിവില്ലെങ്കില്‍ മനസ്സിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും യൂസുഫ് തുറന്നടിച്ചു. കഴിവില്ലെങ്കില്‍ പിന്നെ എന്ത് മൈന്‍ഡ് സെറ്റ്? എന്നാണ് അദ്ദേഹം ചോദിച്ചത്.

ബാബര്‍ അസമിനെ മുന്‍ പാകിസ്ഥാന്‍ താരങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും യൂസുഫ് തയ്യാറായില്ല. മുന്‍ താരങ്ങളായ ഇന്‍സമാം ഉള്‍ ഹഖ്, സയീദ് അന്‍വര്‍, യൂനിസ് ഖാന്‍, സഹീര്‍ അബ്ബാസ് എന്നിവരെല്ലാം മറ്റൊരു തലത്തില്‍ കളിക്കുന്നവരായിരുന്നുവെന്നും യൂസുഫ് പറഞ്ഞു.

ഇന്‍സി ഭായിയുടെയും സയീദ് ഭായിയുടെയും നിലവാരത്തിനൊപ്പമെത്താന്‍ ആര്‍ക്കും കഴിയില്ല. അവര്‍ വളരെ വലിയ കളിക്കാരായിരുന്നു. സഹീര്‍ അബ്ബാസും അങ്ങനെ തന്നെ. ഈ നാല് പേരും മറ്റൊരു കാറ്റഗറിയില്‍ ഉള്ളവരാണ്. അവര്‍ക്ക് മുന്നില്‍ ബാബര്‍ ഒന്നുമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

SCROLL FOR NEXT