വനിതാ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ ഡൽഹിക്ക് മുന്നിൽ 196 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ലിസെല്ലെ ലീ ഹർമൻപ്രീത് സിങ്ങിനെയും കൂട്ടരേയും ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം പുരോഗമിക്കുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മുംബൈ ഇന്ത്യൻസ് നിരയിൽ ഹർമൻപ്രീത് സിങ്ങും (74) നാറ്റ് സ്കൈവർ ബ്രണ്ടും (70) ഫിഫ്റ്റികളുമായി തകർത്തടിച്ചു. സജന സജീവൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. തുടക്കത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഡൽഹി ബൌളർമാർ റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിച്ചു. സ്കോർ ബോർഡിൽ രണ്ട് റൺസെടുക്കുമ്പോഴേക്കും ഓപ്പണർ അമേലിയ കെറിനെ (0) ഡൽഹി മടക്കി. ചിനെല്ലെ ഹെൻറിയുടെ പന്തിൽ ഡൽഹി ക്യാപ്റ്റൻ ലിസെല്ലെ ലീ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
പിന്നീട് തമിഴ്‌നാട്ടുകാരിയായ ഓപ്പണർ ജി. കമാലിനി നാറ്റ് സ്കൈവെർ ബ്രണ്ടിനൊപ്പം 32 പന്തിൽ നിന്ന് 49 റൺസ് വാരിക്കൂട്ടി. 19 പന്തിൽ നിന്ന് 16 റൺസ് നേടിയ കമാലിനിയെ നന്ദ്നി ശർമ പുറത്താക്കി. ക്യാച്ചെടുത്തത് വീണ്ടും ഡൽഹി ക്യാപ്റ്റൻ ലിസെല്ലെ ലീ തന്നെ.
അർധസെഞ്ച്വറി നേടിയ നാറ്റ് സ്കൈവെർ ബ്രണ്ട് (46 പന്തിൽ 70) മൂന്നാം വിക്കറ്റിൽ ഹർമൻപ്രീതിനൊപ്പം (33 പന്തിൽ 47) സ്കോർ ബോർഡ് അതിവേഗം മുന്നോട്ട് ചലിപ്പിച്ചു. അപകടകാരിയായ നാറ്റ് സ്കൈവറെ ശ്രീചരണി ജെമീമ റോഡ്രിഗസിൻ്റെ കൈകളിലെത്തിച്ചു. പിന്നീട് ഹർമനും കാരിയും ചേർന്ന് മുംബൈ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 12 പന്തിൽ 21 റൺസെടുത്ത നിക്കോള കാരിയെ നന്ദ്നി ശർമ ക്ലീൻ ബൌൾ ചെയ്തു.