Source: X/ smriti mandhana, palash muchhal
CRICKET

സ്മൃതി മന്ദാന ഉടൻ വിവാഹിതയാകും; ആരാധകർക്ക് ദീപാവലി സർപ്രൈസ് നൽകി ബോയ് ഫ്രണ്ട്

അധികം വൈകാതെ തന്നെ അവൾ ഇൻഡോറിൻ്റെ മരുമകൾ ആകുമെന്നും പലാഷ് മുച്ചാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇൻഡോർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്ടനും ഓപ്പണറുമായ സ്മൃതി മന്ദാന ഉടൻ വിവാഹിതയാകും. സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്മൃതിയുടെ ഭാവി വരനാണ് ഇദ്ദേഹം. അധികം വൈകാതെ തന്നെ അവൾ ഇൻഡോറിൻ്റെ മരുമകൾ ആകുമെന്നും പലാഷ് മുച്ചാൽ ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതാദ്യമായാണ് മുച്ചാൽ സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് പലാഷ് മനസ് തുറക്കുന്നത്. പലാഷിനൊപ്പമുള്ള ചിത്രങ്ങൾ സ്മൃതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് പൊതുവേദിയിലും വെളിപ്പെടുത്തിയിരുന്നില്ല. ബന്ധത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് "ഞാൻ നിങ്ങൾക്ക് തലക്കെട്ട് തന്നു കഴിഞ്ഞു" എന്ന് മാത്രമാണ് മുപ്പതുകാരനായ സംഗീത സംവിധായകൻ മറുപടി നൽകിയത്.

"ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതി മന്ദാനയ്ക്കും എൻ്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് മഹത്വം കൊണ്ടുവരണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്," മുച്ചാൽ പറഞ്ഞു.

ഐസിസി വനിതാ ഏകദിന ലോകകപ്പിൻ്റെ ഭാഗമായി ഇൻഡോറിലാണ് സ്മൃതി ഇപ്പോഴുള്ളത്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഏകദിന മത്സരം രാവിലെ 9 മണി മുതൽ ഇവിടെയാണ് നടക്കുക.

SCROLL FOR NEXT