X/ BCCI
CRICKET

"മധ്യനിരയിലേക്ക് അയക്കരുത്"; സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

ടീമിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട യുസ്വേന്ദ്ര ചാഹലിൻ്റെ നിലപാടിന് വിപരീതമാണ് അശ്വിൻ്റെ ഈ അഭിപ്രായമെന്നതാണ് ശ്രദ്ധേയം.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ട്വൻ്റി20 ലോകകപ്പിൽ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടും ഫോം കണ്ടെത്താൻ വിഷമിക്കുന്ന സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജുവിൻ്റെ ഇപ്പോഴത്തെ മോശം പ്രകടനത്തിന് കാരണം മാനസിക സമ്മർദ്ദമാണെന്ന് അശ്വിൻ പറയുന്നു. ടീമിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട യുസ്വേന്ദ്ര ചാഹലിൻ്റെ നിലപാടിന് വിപരീതമാണ് അശ്വിൻ്റെ ഈ അഭിപ്രായമെന്നതാണ് ശ്രദ്ധേയം.

സഞ്ജു സാംസൺ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഘട്ടത്തിലാണ് രാജസ്ഥാൻ റോയൽസിൽ സഹതാരമായിരുന്ന അശ്വിൻ്റെ പിന്തുണ വന്നിരിക്കുന്നത്. ഈ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, ശരാശരി 10 ആയി കുറഞ്ഞു. സ്ട്രൈക്ക് റേറ്റും നിരാശാജനകമായിരുന്നു. എന്നാൽ സഹതാരങ്ങളായ അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ അതിന് വിപരീതമായി നല്ല പ്രകടനം കാഴ്ചവച്ചിരുന്നു.

ന്യൂസിലൻഡിനെതിരായ നാലാം ടി20യിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സഞ്ജുവിൻ്റെ പ്രകടനം കടുത്ത വിമർശനത്തിന് വിധേയമായി. ആദ്യ മൂന്ന് ടി20 മത്സരങ്ങൾ ജയിച്ച ഇന്ത്യ, നാലാം മത്സരത്തിൽ 50 റൺസിന് തോൽവി വഴങ്ങി. ടീമിൻ്റെ ബാറ്റിംഗ് നിരയുടെ കൂട്ടായ പരാജയം ഈ മത്സരത്തിൽ പ്രകടമായി.

ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ബാറ്റിംഗ് പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം സമ്മർദ്ദമാണെന്ന് രവിചന്ദ്രൻ അശ്വിൻ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ പ്രതികരണം. "സഞ്ജു സാംസൺ ഒരു നല്ല കളിക്കാരൻ അല്ലായിരുന്നെങ്കിൽ ഇവിടെയെത്താൻ കഴിയുമായിരുന്നില്ല. നിങ്ങളുടെ മനസ് ചിന്തകളാൽ നിറയുമ്പോൾ ലൈനും ലെങ്തും തിരിച്ചറിയാൻ പ്രയാസമാകും. അവൻ്റെ മനസിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് എനിക്ക് തീർച്ചയാണ്," അശ്വിൻ പറഞ്ഞു.

"നമുക്കൊരു കളിക്കാരന് വേണ്ടി ടീമിൽ എപ്പോഴും ഇടമുണ്ടാക്കാൻ കഴിയില്ല. ഫോമിൽ അല്ലെങ്കൽ കളിക്കാരനോട് ഒരു ഇടവേള എടുക്കാൻ പറയേണ്ടത് പ്രധാനമാണ്. പുറത്തിരുന്ന് ആലോചിക്കുന്നത് നിങ്ങളെ മികച്ച കളിക്കാരനാക്കും. സഞ്ജുവിനെ മധ്യനിരയിലേക്ക് തിരിച്ചയക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു കളിക്കാരനു വേണ്ടി ഒരു സ്ലോട്ട് ഉണ്ടാക്കിയാൽ, മറ്റുള്ളവരെല്ലാം അതിന് ചുറ്റും കറങ്ങേണ്ടി വരും. ബാക്ക് ആൻഡ് എക്രോസ് മൂവ്മെൻ്റ് ഇല്ലാത്തതിനാൽ ബൗളർമാർ സഞ്ജുവിന്റെ മിഡിൽ, ലെഗ് സ്‌റ്റംപുകളിലാണ് പന്തെറിയുന്നത്. ഇത് അവനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്," അശ്വിൻ പറയുന്നത്. എന്തായാലും അഞ്ചാമത്തെ ടി20യിൽ സഞ്ജു സ്വന്തം നാട്ടിൽ ഇറങ്ങുമ്പോൾ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്.

SCROLL FOR NEXT