X (Twitter)
CRICKET

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻസി: സഞ്ജുവിന് പിന്തുണച്ച് രവി ശാസ്ത്രി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തും ബാറ്റിങ്ങിൽ അടുത്തിടെ കൈവരിച്ച സ്ഥിരതയും സഞ്ജുവിന് ക്യാപ്റ്റൻസി ചർച്ചകളിൽ മുൻ‌തൂക്കം നൽകുന്നുണ്ട് എന്നാണ് ശാസ്ത്രിയുടെ വാദം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൻ്റെ ഭാവി നായക സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തും ബാറ്റിങ്ങിൽ അടുത്തിടെ കൈവരിച്ച സ്ഥിരതയും സഞ്ജുവിന് ക്യാപ്റ്റൻസി ചർച്ചകളിൽ മുൻ‌തൂക്കം നൽകുന്നുണ്ട് എന്നാണ് ശാസ്ത്രിയുടെ വാദം. ശ്രേയസ് അയ്യർ ഉൾപ്പടെ ഉള്ളവരുടെ പേരുകൾ നായകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയുമായി ശാസ്ത്രി രംഗത്തെത്തിയത്.

രണ്ട് മാസം മുൻപ് സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തം ലോകകപ്പ് വിജയിച്ചപ്പോൾ ടൂർണമെൻ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ 8 മത്സരം മുതൽ ന്യൂസിലൻഡിന് എതിരെയുള്ള ഫൈനൽ വരെ തുടർച്ചയായി മൂന്ന് അർധസെഞ്ച്വറി ഉൾപ്പെടെ അഞ്ച് ഇന്നിങ്സിൽ നിന്ന് 321 റൺസാണ് താരം അന്ന് നേടിയത്. സമ്മർദ്ദഘട്ടത്തിൽ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ പുറത്തെടുത്ത ഈ പ്രകടനമാണ് രവി ശാസ്ത്രിയെ സ്വാധീനിച്ചത്.

അടുത്ത ഒന്ന് രണ്ട് വർഷങ്ങളിൽ സൂര്യകുമാറിൻ്റെ പ്രകടനം എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ച് ഇന്ത്യ പുതിയ നായകനെ തേടിയേക്കാം എന്നും തൻ്റെ നായകമികവ് രാജസ്ഥാൻ റോയൽസിലൂടെ ഇതിനോടകം തെളിയിച്ച് കഴിഞ്ഞ സഞ്ജു സാംസൺ ആ സ്ഥാനത്തിന് യോജിച്ച താരമാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ ആക്രമണ ബാറ്റിംഗ് ശൈലി അയാളെ ടീമിൻ്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയെന്നും, വരും വർഷങ്ങളിൽ ഇതിലും മികച്ച പ്രകടനങ്ങൾ സഞ്ജുവിന് നിന്ന് ക്രിക്കറ്റ് ലോകം കാണുമെന്നും ശാസ്ത്രി കൂട്ടിചേർത്തു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് സീസണുകളിൽ നയിച്ച സഞ്ജു 2022ൽ ടീമിനെ ഫൈനൽ വരെ എത്തിച്ച് തന്റെ നേതൃമികവ് തെളിയിച്ചതാണ്. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയുന്ന താരം തന്റെ കരിയറിലെ തന്നെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ സീസണിൽ ഇതുവരെ 11 ഇന്നിങ്‌സുകളിൽ നിന്നായി രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും അടക്കം 430 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 53.75 എന്ന മികച്ച ശരാശരിയും 169.29 എന്ന ഉയർന്ന ശരാശരിയും അദ്ദേഹത്തിൻ്റെ മികവ് വിളിച്ചോതുന്നുണ്ട്. ഈ വർഷത്തെ ടി20 ക്രിക്കറ്റിലെ ആകെയുള്ള പ്രകടനം പരിശോധിച്ചാൽ 21 ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളും ഉൾപ്പെടെ 797 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

മുൻപ് സഞ്ജുവിന്റെ ബാറ്റിങ്ങിലെ സ്ഥിരത ഇല്ലായ്മയെ കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും സമീപകാലത്തെ പക്വതയാർന്ന പ്രകടനങ്ങളിലൂടെ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകാൻ സഞ്ജുവിന് കഴിഞ്ഞു എന്ന വിലയിരുത്തലാണ് രവി ശാസ്ത്രി നടത്തിയത്. സഞ്ജു കഴിവുറ്റ താരമാണെന്നും എന്നാൽ ആ കഴിവിനോട് നീതി പുലർത്താൻ കഴിയാതെ പോയ സമയങ്ങളിൽ ആരാധകർ നിരാശപ്പെട്ടെങ്കിലും ലോകകപ്പിലെ നിർണായക മത്സരങ്ങളിൽ ഏറെക്കുറെ ഒറ്റയ്ക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ബാറ്റിങ്ങും ഐപിഎല്ലിൽ പുലർത്തുന്ന പക്വതയാർന്ന സമീപനങ്ങളും ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നായകസ്ഥാനത്തേക്ക് ഏറ്റവും അർഹനായ വ്യക്തിയായി അദ്ദേഹത്തെ മാറ്റുന്നുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

SCROLL FOR NEXT