മുംബൈ: വിപ്ലവനായകൻ മണിയാശാൻ്റെ ഭാഷയിൽ പറഞ്ഞാൽ... മുംബൈ ഇന്ത്യൻസിനെ സഞ്ജു സാംസൺ ഇന്നലെ "ശൂൂൂ" ആക്കിക്കളഞ്ഞു... അതെ നമ്മുടെ ചേട്ടൻ ഒറ്റയ്ക്ക്.. എൽ ക്ലാസിക്കോ അങ്ങ് തൂക്കി... !! 54 ബോളുകളിൽ നിന്ന് 101 റൺസുമായി സഞ്ജു മാസ്സ് കാട്ടിയപ്പോൾ... പേര് കേട്ട കൂറ്റനടിക്കാരുള്ള മുംബൈ ഇന്ത്യൻസ് ടീമിനൊന്നടങ്കം 114 പന്തിൽ അടിച്ചെടുക്കാനായത് വെറും 104 റൺസ് !!
ഇതോടെ ഒന്നും അവസാനിക്കുന്നില്ല, സഞ്ജു സാംസൺ തുടങ്ങിയിട്ടേയുള്ളൂ.. ഈ സീസണിലെ രണ്ടാമത്തേയും, കരിയറിലെ അഞ്ചാമത്തേയും ഐപിഎൽ സെഞ്ച്വറി തൂക്കി സിഎസ്‌കെയുടെ യെല്ലോ ജേഴ്സിയിൽ കുതിപ്പ് തുടരുകയാണ് ഈ വിഴിഞ്ഞത്തുകാരൻ...
ഐപില്ലിലെ സെഞ്ച്വറി തൂക്കലുകാരുടെ പട്ടികയിൽ സാംസണ് ഇനി മറികടക്കേണ്ടതായി ചുരുക്കം ചില വമ്പന്മാരുടെ പേരുകൾ കൂടിയേയുള്ളൂ... അവർ ആരൊക്കെയെന്ന് നോക്കാം...
ഒന്നാമൻ വിരാട് കോഹ്ലിയാണ്... 2016 സീസണിൽ മാത്രം അടിച്ചുകൂട്ടിയ നാല് സെഞ്ച്വറികൾ അടക്കം കരിയറിൽ എട്ട് ഐപിഎൽ ശതകങ്ങൾ ആർസിബിയുടെ ഇതിഹാസ താരത്തിൻ്റെ പേരിലുണ്ട്.
തൊട്ടു പിന്നാലെ ഏഴ് സെഞ്ച്വറികളുമായി മലയാളികളുടെ പ്രിയപ്പെട്ട ജോസേട്ടൻ, ജോസ് ബട്ട്‌ലറാണ്. 2022ൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച ഇംഗ്ലണ്ടിൻ്റെ ഈ വിക്കറ്റ് കീപ്പർ ബാറ്റർ... ഒരൊറ്റ സീസണിൽ നാല് സെഞ്ച്വറികൾ ഉൾപ്പെടെ അടിച്ചെടുത്തിരുന്നു. നേരത്തെ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുള്ള ബട്ട്ലർ ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസ് താരമാണ്.
ഈ വിഐപി ലിസ്റ്റിലെ മൂന്നാമൻ സാക്ഷാൽ ക്രിസ് ഗെയ്‌ലാണ്... ഐപിഎല്ലിൽ കെകെആർ, കിങ്സ് ഇലവൻ പഞ്ചാബ്, ആർസിബി എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള ഗെയ്‌ൽ തൻ്റെ കരിയറിൽ അടിച്ചെടുത്തത് ആറ് ഐപിഎൽ സെഞ്ച്വറികളാണ്...
ഇതിന് തൊട്ടു താഴെ അഞ്ച് വീതം സെഞ്ച്വറികളുമായി കെ.എൽ. രാഹുലും സഞ്ജു സാംസണുമുണ്ട്. ലഖ്നൗ സൂപ്പർ ജയൻ്റ്സ്, ആർസിബി, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായാണ് രാഹുൽ ഇതുവരെ കളിച്ചതെങ്കിൽ... ആർആർ, ഡൽഹി ഡെയർഡെവിൾസ്, സിഎസ്‌കെ ടീമുകൾക്ക് വേണ്ടി സഞ്ജു കളിച്ചത്...
നാല് വീതം സെഞ്ച്വറികൾ തൂക്കിയ ശുഭ്മൻ ഗിൽ, ഡേവിഡ് വാർണർ, ഷെയ്ൻ വാട്സൺ എന്നിവരും.... മൂന്നെണ്ണം വീതം നേടിയ എബി ഡിവില്ലിയേഴ്സ്, ക്വിൻ്റൺ ഡീകോക്ക് എന്നിവരും ഈ പട്ടികയിൽ സഞ്ജുവിന് പിന്നിലാണ്...
ഐപിഎല്ലിൽ ഇതേവരെ 184 മാച്ചുകളിൽ നിന്ന് 4997 റൺസാണ് സഞ്ജു സാംസൻ്റെ സമ്പാദ്യം. 278 മാച്ചുകളിൽ നിന്ന് 5439 റൺസ് നേടിയ ധോണിയെ മറികടക്കാൻ 442 റൺസ് കൂടി വേണം സഞ്ജുവിന്.. ഐപിഎല്ലിൻ്റെ എക്കാലത്തേയും റൺവേട്ടക്കാരിൽ ആറാമനായ ധോണിയെ പിന്നിലാക്കാൻ... സഞ്ജുവിന് ഈ സീസണിൽ കഴിയില്ലെങ്കിലും അടുത്ത സീസണിൽ അതിന് സാധ്യതയുണ്ട്...
അന്താരാഷ്ട്ര ക്രിക്കറ്റ് ഉൾപ്പെടെ... ടി20 ഫോർമാറ്റ് ആകെ പരിഗണിക്കുമ്പോൾ... ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർമാരിൽ രണ്ടാമതാണ് സഞ്ജുവുള്ളത്... 9 വീതം സെഞ്ച്വറികളുള്ള വിരാട് കോഹ്ലിയും അഭിഷേക് ശർമയുമാണ് ഒന്നാമത്. 8 വീതം സെഞ്ച്വറികളുമായി രോഹിത് ശർമയും സഞ്ജുവിനൊപ്പം രണ്ടാമതുണ്ട്.
ഐപിഎലിൽ ആദ്യമായാണ് ഒരു സിഎസ്കെ താരം മുംബൈക്കെതിരെ സെഞ്ച്വറി നേടുന്നത്. ഐപിഎലിൽ ചെന്നൈയ്ക്കായി രണ്ടു സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരവുമാണ് സഞ്ജു. ഷെയ്ൻ വാട്സൻ, മുരളി വിജയ്, റിതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്. ഒരു സീസണിൽ തന്നെ സിഎസ്കെക്ക് വേണ്ടി രണ്ട് സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ മാത്രം താരമായും സാംസൺ മാറി... 2018ൽ ഷെയ്ൻ വാട്സനും രണ്ട് സെഞ്ച്വറികൾ തൂക്കിയിരുന്നു...
നേരത്തെ പറഞ്ഞ പോലെ ഒന്നും അവസാനിച്ചിട്ടില്ല.. മുംബൈ vs ചെന്നൈ എൽ ക്ലാസിക്കോ പോര് വീണ്ടും വരുന്നുണ്ട്... മെയ് 2ന് ചെപ്പോക്കിൽ ബുംറ vs സഞ്ജു പോരിൻ്റെ രണ്ടാം ഭാഗത്തിനായി നമുക്ക് കാത്തിരിക്കാം...