ഷഹീൻ ഷാ അഫ്രീദി Source: X/ 𝐅𝐚𝐧❥𝐁𝐚𝐛𝐚𝐫 𝐀𝐳𝐚𝐦 𝐁𝐥𝐢𝐬𝐬🏏
CRICKET

ഷമിയുടെ ലോക റെക്കോർഡ് തട്ടിയെടുത്ത് ഷഹീൻ ഷാ അഫ്രീദി!

ഫ്ലോറിഡയിൽ നടന്ന ടി20 പരമ്പര 2-1ന് ജയിച്ച പാകിസ്ഥാൻ, ഏകദിന പരമ്പരയിൽ 1-0ന് മുന്നിലെത്തി.

Author : ന്യൂസ് ഡെസ്ക്

വെള്ളിയാഴ്ച ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി സ്വന്തമാക്കിയത് ചരിത്ര നേട്ടം. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ 280 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു.

എവിൻ ലൂയിസ്, റോസ്റ്റൺ ചേസ്, ക്യാപ്റ്റൻ ഷായ് ഹോപ്പ് എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലാണ് വിൻഡീസ് മികച്ച സ്കോർ നേടിയത്. മറുപടിയായി പാകിസ്ഥാൻ 48.5 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. ഫ്ലോറിഡയിൽ നടന്ന ടി20 പരമ്പര 2-1ന് ജയിച്ച പാകിസ്ഥാൻ, ഏകദിന പരമ്പരയിൽ 1-0ന് മുന്നിലെത്തി. ട്രിനിഡാഡിൽ നാളെ 1.30നാണ് രണ്ടാം ഏകദിനം.

മത്സരത്തിൽ ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഈ നാല് വിക്കറ്റ് നേട്ടത്തോടെ, 65 ഏകദിന മത്സരങ്ങളിൽ നിന്ന് ഷഹീൻ 131 വിക്കറ്റുകൾ എന്ന നേട്ടത്തിലേക്കെത്തി.

ഇതോടെ 65 ഏകദിന മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അന്താരാഷ്ട്ര ബൗളറായി ഷഹീൻ അഫ്രീദി ലോക റെക്കോർഡിട്ടു. 65 ഏകദിന മത്സരങ്ങൾ കളിച്ചതിന് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ കളിക്കാരൻ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാനാണ്. റാഷിദ് ഖാൻ 128 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ലോക റെക്കോർഡ് തകർക്കാൻ ഷഹീൻ അഫ്രീദിയെ സഹായിച്ചത് വിൻഡീസിനെതിരായ അദ്ദേഹത്തിന്റെ മാരക സ്പെല്ലാണ്. ഐസിസി അംഗങ്ങളിൽ നിന്നുള്ള 100 അല്ലെങ്കിൽ അതിൽ കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ ബൗളർമാരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് (25.46) ഇപ്പോൾ ഷഹീനിന് സ്വന്തമാണ്. 108 മത്സരങ്ങളിൽ നിന്ന് 206 വിക്കറ്റുകൾ നേടിയ (25.85 എന്ന സ്ട്രൈക്ക് റേറ്റ്) എന്ന ഷമിയുടെ ഈ റെക്കോർഡാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

SCROLL FOR NEXT