India vs South Africa Source; X
CRICKET

സ്പിന്നർമാർക്ക് മുന്നിൽ വീണ് പ്രോട്ടീസ്; രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

ഏഴു വിക്കറ്റിൽ 93 റൺസെന്ന നിലയിലാണ് പ്രോട്ടീസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. 63 റൺസിൻ്റെ ലീഡാണ് നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം അവസാനിച്ചപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ് പ്രോട്ടീസ്. മത്സരം നാളെ രാവിലെ ഒൻപതരയ്ക്ക് പുനരാരംഭിക്കും. രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയില്ല. സ്പിന്നർമാർക്കെതിരെ കറങ്ങി വീണ് പ്രോട്ടീസ് ബാറ്റർമാർ.

രണ്ടാം ഇന്നിങ്സിൽ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. റിയാൻ റിക്കൽട്ടണിനെ പുറത്താക്കി കുൽദീപ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ വന്നവർക്ക് ഇന്ത്യയുടെ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. രവീന്ദ്ര ജഡേജ നാലും അക്ഷർ പട്ടേൽ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഏഴു വിക്കറ്റിൽ 93 റൺസെന്ന നിലയിലാണ് പ്രോട്ടീസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. 63 റൺസിൻ്റെ ലീഡാണ് നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിലെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയുടെ ആവര്‍ത്തനമായിരുന്നു ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സും. രണ്ടാംദിനം ഒരു വിക്കറ്റിന് 37 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ചെറുത്തുനിൽക്കാൻ സാധിച്ചില്ല.. കെ.എല്‍. രാഹുലും വാഷിങ്ടണ്‍ സുന്ദറും ചേർന്ന് പടുത്തുയത്തിയ 57 റൺസിൻ്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയെ 150 കടത്തിയത്.

ആദ്യ ഇന്നിങ്സിൽ 30 റൺസിൻ്റെ ലീഡാണ് ഇന്ത്യക്ക് നേടാനായത്. മത്സരത്തിനിടെ ടെസ്റ്റിൽ 4000 റൺസെന്ന നാഴികകല്ല് കെഎൽ രാഹുലും രവീന്ദ്ര ജഡേജയും പിന്നിട്ടു. ടെസ്റ്റിൽ 4000 റൺസും 300 വിക്കറ്റും നേടുന്ന നാലാമത്തെ താരമാണ് ജഡേജ. മത്സരത്തിനിടെ പരിക്കേറ്റ് നായകൻ ശുഭ്മാൻ ഗിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

SCROLL FOR NEXT