രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹെൻറിച് ക്ലാസൻ. 33കാരനായ വെടിക്കെട്ട് ബാറ്റർ സമൂഹ മാധ്യമത്തിലൂടെയാണ് അപ്രതീക്ഷിതമായ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ താരമാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയ്‌ക്കായി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നാല് അന്താരാഷ്ട്ര സെഞ്ച്വറികൾ ഉൾപ്പെടെ ഏകദിനത്തിൽ 2141 റൺസും ടി20യിൽ 1000 റൺസും ടെസ്റ്റിൽ 104 റൺസും നേടി.
2025ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിലാണ് അവസാനമായി മത്സരിച്ചത്. 2024ൽ തന്നെ ക്ലാസൻ ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടുന്ന അഞ്ചാമത്തെ ബാറ്ററാണ് ക്ലാസൻ. 2023 സെപ്തംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 83 പന്തിൽ നിന്ന് പുറത്താകാതെ 174 റൺസ് നേടിയിരുന്നു.