
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മുതിർന്ന താരവും ഓൾറൗണ്ടറുമായ ഗ്ലെൻ മാക്സ്‌വെൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് മാക്സ്‌വെൽ അറിയിച്ചു. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു.
2012 മുതൽ 2025 വരെ നീണ്ടുനിൽക്കുന്ന ഏകദിന കരിയറിൽ 149 ഏകദിനങ്ങളും 3990 റൺസും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 33.81 ആവറേജിൽ 126.70 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്തിരുന്ന ഗ്ലെൻ മാക്സ്‌വെൽ ഒരു തകർപ്പൻ മാച്ച് വിന്നറായിരുന്നു. ഫോമിലുള്ള ദിവസങ്ങളിൽ മൈതാനത്തിൻ്റെ ഏത് മൂലയിലേക്കും പന്ത് പായിക്കാൻ കെൽപ്പുള്ള പ്രതിഭാശാലിയാണ് അയാൾ.
2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 201 റൺസാണ് ഏകദിന കരിയറിലെ മികച്ച സ്കോർ. ഏകദിന ക്രിക്കറ്റിലെ തന്നെ മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു അത്. ഇതിന് പുറമെ ഏകദിനത്തിൽ മൂന്ന് സെഞ്ച്വറികളും 23 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.
മികച്ചൊരു പാർട്ട് ടൈം ഓഫ് സ്പിന്നറായിരുന്ന മാക്സ്‌വെൽ ഏകദിന കരിയറിൽ നാല് തവണ നാല് വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഒന്നാന്തരമൊരു ഫീൽഡറും കൂടിയായിരുന്നു മാക്സ്‌വെൽ. ഏകദിന കരിയറിൽ 91 ക്യാച്ചുകളും സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.
ഈ വർഷം ആദ്യം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെയായിരുന്നു മാക്സ്‌വെല്ലിൻ്റെ അവസാന ഏകദിന മത്സരം. കാലിന് പരിക്കേറ്റതിനാൽ മാക്സ്‌വെല്ലിന് ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു.