
ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകദിന മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ വിരമിക്കുമ്പോൾ ഇന്ത്യ അതിഥേയത്വം വഹിച്ച 2023 ഏകദിന ലോകകപ്പിലെ 39-ാം മത്സരം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഒന്നുകൂടി റീവൈൻഡ് ചെയ്യപ്പെടും. വാങ്കഡയിലേത് മാക്‌സ്‌വെല്ലിന്റെ കരിയറിലും ക്രിക്കറ്റ് ചരിത്രത്തിലും ഒരുപോലെ സുവർണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ഇന്നിങ്സായിരുന്നു.
താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനായിരുന്നു കരുത്തരായ ഓസ്ട്രേലിയയുടെ എതിരാളികൾ. ക്രിക്കറ്റ് നിരീക്ഷകർ ഏകപക്ഷീയമായി കളി ഓസീസ് കൊണ്ടുപോയി എന്ന് വിധിയെഴുതിയിരിക്കുന്ന സമയം. അഫ്ഗാനിസ്ഥാൻ ബാറ്റിങ് തുടങ്ങിയ നിമിഷം പേപ്പറിലെ ഈ വിലയിരുത്തലുകൾക്ക് ഇളക്കംതട്ടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് പടുത്തുയർത്തി അഫ്ഗാൻ ബാറ്റർമാർ പ്രതിരോധിക്കാവുന്ന സ്കോർ കണ്ടെത്തി. ഏകദിന ക്രിക്കറ്റിൽ ഓസീസിനെ സംബന്ധിച്ച് നിസാരമായ ലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ പേരുകേട്ട ഓസ്ട്രേലിയൻ നിര ചീട്ടുകൊട്ടാരം കണക്കിന് വീഴുകയും കൂടി ചെയ്തപ്പോൾ കളി കംഗാരുപ്പട കൈവിട്ട നിലയിലായി. സ്കോർ ബോർഡ് പോലും എന്താണ് നടക്കുന്നതെന്ന് അറിയാതെ ചലനമറ്റുനിന്നു. എന്നാൽ, ഏതു മത്സരഫലവും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു കളിക്കാരൻ ഓസീസ് കുപ്പായത്തിൽ കളിക്കളത്തിൽ അവശേഷിച്ചിരുന്നു, ഗ്ലെന്‍ മാക്സ്‌വെല്‍.
നാല് സ്പിന്നർമാരുമായാണ് ഓസീസിനെതിരെ അഫ്ഗാൻ ഇറങ്ങിയത്. ഈ മത്സരത്തോടെ, ഇബ്രാഹിം സദ്രാൻ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമായപ്പോൾ നവീൻ ഉൽ ഹഖും അസ്മത്തുള്ള ഒമർസായിയും ഓസ്ട്രേലിയൻ ടോപ് ഓർഡറിനെ തകർത്തു. ഒൻപതാമത്തെ ഓവറിൽ ഒമർസായി ഹാട്രിക്കിന്റെ അരികിൽ എത്തിനിൽക്കുമ്പോഴായിരുന്നു മാക്സ്‌വെല്ലിന്റെ എൻട്രി. ഓസ്ട്രേലിയൻ സ്കോർ നാലിന് 49. മാക്സ്‌വെൽ വന്നതിനു പിന്നാലെ മാർനസ് ലാബുഷാഗ്നെയുടെ (14) വിക്കറ്റ് നഷ്ടമായി. പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയിനിസിനും (6) മിച്ചൽ സ്റ്റാർക്കിനും (3) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 91ന് ഏഴെന്ന പരിതാപകരമായ നിലയിലായിരുന്നു അപ്പോൾ ഓസ്ട്രേലിയൻ സ്കോർ.
നായകൻ പാറ്റ് കമ്മിൻസിനൊപ്പം മാക്സ്‌വെൽ പതിയെ സ്കോർ ഉയർത്തി. വാങ്കഡെയിലെ പൊള്ളുന്ന ചൂടിൽ 50 ഓവർ ഫീൽഡ് ചെയ്ത മാക്സ്‌വെല്ലിനെ കാലിലെ പേശിവലിവ് വല്ലാതെ വലച്ചിരുന്നു. 41-ാം ഓവറിൽ വേദന സഹിക്കാതെയായപ്പോള്‍, മാക്സ്‌വെല്ലിന് ടീം ഫിസിയോ പ്രാഥമിക ചികിത്സ നൽകി. പരിക്കിനെ തുടർന്ന് മാക്സ്‌വെൽ മടങ്ങിയാൽ മത്സരം ഓസീസ് പരാജയപ്പെടുമെന്ന് കാണികൾക്കും ടീമിനും ഉറപ്പായിരുന്നു. മാക്സ്‌വെൽ കളി തുടരാൻ തീരുമാനിച്ചു. അതും കാൽ അനക്കാതെ. ക്രീസിൽ കാലുറപ്പിച്ച് മാക്സ്‌വെൽ കൂറ്റൻ സിക്റുകൾ അടിച്ചു. ക്രിക്കറ്റ് പ്രേമികളെ മുള്ളിൻ തുഞ്ചത്ത് നിർത്തിയ നിമിഷങ്ങളായിരുന്നു അത്.
അവസാന നാല് ഓവറിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസാണ്. മുജീബുർ റഹ്മാന്റെ ഓവറിൽ മാക്സ്‌വെൽ അടിച്ചുകയറി; കാലനക്കാതെ. ആ ഓവറിൽ 6,6,4,6 എന്നിങ്ങനെ ഓസീസ് താരം സ്കോർ ചെയ്തപ്പോൾ മുജീബുർ എറിഞ്ഞ പന്തിന് നിലം തൊടാൻ നേരമുണ്ടായിരുന്നില്ല. തന്റെ ട്രിക്ക് ഷോട്ടുകൾ മുഴുവൻ മാക്സ്‌വെല്‍ മുംബൈയിലെ കാണികൾക്കായി പുറത്തെടുത്തു. വെറും 52 പന്തിലാണ് രണ്ടാമത്തെ സെഞ്ചുറി താരം നേടിയത്.
പുറത്താകാതെ 201 റൺസെടുത്താണ് മാക്സ്‌വെൽ മത്സരഫലം തിരുത്തിയെഴുതിയത്. 202 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇതിൽ 179 റൺസും മാക്സ്‌വെല്ലിന്റെ വക തന്നെ. 128 പന്തിലായിരുന്നു താരത്തിന്റെ ഇരട്ട സെഞ്ചുറി നേട്ടം. 21 ഫോറുകളും 10 സിക്സുകളും ഉൾപ്പെട്ട ഇന്നിങ്സ്. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമേറിയ ഇന്നിങ്സുകളിൽ ഒന്ന്. 4,696 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരങ്ങളിൽ ആറാം നമ്പറിലോ അതിൽ താഴെയോ ഇറങ്ങുന്ന ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഓസീസ് ഓള്‍ റൗണ്ടർ നേടിയത്. പുരുഷ ഏകദിന ക്രിക്കറ്റിൽ ഒരു ഓസ്‌ട്രേലിയക്കാരന്റെ ആദ്യ ഇരട്ട സെഞ്ചുറിയും പുരുഷ ലോകകപ്പിലെ മൂന്നാമത്തെ ഇരട്ട സെഞ്ചുറിയും കൂടിയാണിത്. കമ്മിൻസുമായി കൂട്ടിച്ചേർത്ത 202 റൺസ് ഏകദിന ക്രിക്കറ്റിലെ എട്ടാം വിക്കറ്റിനോ അതിൽ താഴെയോ ഉള്ള ഉയർന്ന പാർട്ട്ണർഷിപ്പാണ്.
മാക്സ്‌വെല്ലിന്‍റെ തകർപ്പന്‍ പ്രകടനത്തോടെ, അഫ്ഗാനിസ്ഥാനെതിരെ 19 പന്തുകൾ അവശേഷിക്കെ മൂന്ന് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ജയത്തോടെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയ സ്ഥാനം പിടിച്ചപ്പോൾ അഫ്ഗാനിസ്ഥാന്റെ കയ്യിൽ നിന്നും സ്വപ്നസമാനമായി വിജയം വഴുതിപ്പോയി. 2023ലെ പുരുഷ ഏകദിന ലോകകപ്പും ഓസ്ട്രേലിയ സ്വന്തമാക്കി. ആ കപ്പിന് തിളക്കം നല്‍കിയതോ മാക്സ്‌വെല്ലിന്റെ ഇരട്ട സെഞ്ചുറിയും.