ട്രിപ്പിൾ സെഞ്ച്വറി തികച്ച വിയാൻ മുൾഡറുടെ ആഹ്ളാദ പ്രകടനം Source: X/ ICC
CRICKET

ബാറ്റിങ്ങിൽ സെവാഗിന് തുല്യം, നിസ്വാർഥതയിൽ സച്ചിനേയും വെല്ലും; ക്രിക്കറ്റിൽ ഇനി 'മുൾഡർ' യുഗം!

ഇന്ത്യക്ക് വിരേന്ദർ സെവാഗ് എന്ന പോലെ വെടിക്കെട്ട് ബാറ്റിങ്ങുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അവരുടെ ക്യാപ്റ്റനായ വിയാൻ മുൾഡർ.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

പണ്ടൊക്കെ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കാണുകയെന്നാൽ വലിയ ബോറടിയായിരുന്നു. എന്നാൽ ന്യൂ ജനറേഷൻ ക്രിക്കറ്റ് താരങ്ങളുടെ ടെസ്റ്റ് മത്സരങ്ങൾ കാണുന്നത് ത്രില്ലർ സിനിമ കാണുന്ന പോലെയായിട്ടുണ്ട്. ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ശുഭ്മാൻ ഗില്ലിൻ്റെ ബാറ്റിങ് ഓർമയില്ലേ? ഒന്നാമിന്നിങ്സിലെ 269, രണ്ടാമിന്നിങ്സിലെ 161 എന്നീ ബിഗ് സ്കോറുകൾ ഒക്കെ കണ്ടവർക്ക് എങ്ങനെയാണ് ക്രിക്കറ്റ് ഒരു ബോറടിയായി മാറുക...

ഇന്ത്യക്ക് വിരേന്ദർ സെവാഗ് എന്ന പോലെ വെടിക്കെട്ട് ബാറ്റിങ്ങുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അവരുടെ ക്യാപ്റ്റനായ വിയാൻ മുൾഡർ. അവിശ്വസനീയമായ ബാറ്റിങ് പ്രകടനമാണ് താരതമ്യേന ദുർബലരായ സിംബാബ്‌വെക്കെതിരെ വിയാൻ നടത്തിയത്.

വെറും 334 പന്തുകൾ നേരിട്ടാണ് 367 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ഈ 27കാരൻ കുതിച്ചെത്തിയത്. നാല് സിക്സറുകളും 49 ബൗണ്ടറികളും പറത്തിയാണ് 109.88 സ്ട്രൈക്ക് റേറ്റിൽ മുൾഡർ ബാറ്റ് വീശിയതെന്ന് ഓർക്കുമ്പോഴേ ആളുകൾ നെറ്റി ചുളിക്കും.

അത്രയ്ക്കും അവിശ്വസനീയമായൊരു ദിവസമാണ് ലോക ക്രിക്കറ്റിനെ സംബന്ധിച്ച് കടന്നുപോയത്. ബ്രയാൻ ലാറയുടെ 401 റൺസെന്ന ലോക റെക്കോർഡ് തകർക്കാൻ വെറും 35 റൺസ് മാത്രമെ ദക്ഷിണാഫ്രിക്കൻ നായകന് വേണ്ടിയിരുന്നുള്ളൂ. എന്നാൽ വ്യക്തിഗത നേട്ടങ്ങൾ ശ്രദ്ധിക്കാതെ ആവശ്യമായിരുന്ന ടീം സ്കോർ മാത്രം കണക്കിലെടുത്ത് അയാൾ ധീരമായൊരു തീരുമാനമെടുത്തു. വ്യക്തിഗത സ്കോർ 367ൽ നിൽക്കെ ടീമിൻ്റെ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തു.

ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കളായിരുന്നു ദക്ഷിണാഫ്രിക്കൻ ടീം. അവർക്ക് ലോക ക്രിക്കറ്റിൽ ഇനിയും ബാല്യമേറെയുണ്ടെന്ന് തെളിയിക്കുന്ന ഒറ്റയാൾ പ്രകടനമായിരുന്നു മുൾഡറുടേത്. അയാളുടെ നിസ്വാർഥമായ ഈ പ്രവൃത്തിയെ ആകും ഭാവിയിൽ ക്രിക്കറ്റ് ലോകം പാടിപ്പുകഴ്ത്തുക.

ബ്രയാൻ ലാറയോടുള്ള ആദരസൂചകമായാണ് 400 റൺസെന്ന കടമ്പയ്ക്ക് 33 റൺസകലെ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചതെന്ന് മത്സര ശേഷം ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിയാൻ മുൾഡർ വിശദീകരിച്ചിരുന്നു.

"ഒന്നാമതായി ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യത്തിന് സ്കോർ ബോർഡിൽ റൺസായിരുന്നു. അതിനാൽ ഇനി പന്തെറിയേണ്ടതുണ്ടെന്ന് ഞാൻ തീരുമാനിച്ചു. രണ്ടാമതായി, ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. ആ പദവിയിലുള്ള ഒരാൾക്ക് ആ റെക്കോർഡ് നിലനിർത്താൻ അർഹതയുണ്ട്. എനിക്ക് വീണ്ടും 400നടുത്തായി റൺ സ്കോർ ചെയ്യാൻ അവസരം ലഭിച്ചാലും, ഞാൻ ഇതേ രീതിയിൽ തന്നെ ഡിക്ലയർ ചെയ്യും. ഞാൻ ശുക്രി കോൺറാഡിനോട് സംസാരിച്ചു. അവനും അങ്ങനെ തന്നെ തോന്നി. ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. ആ റെക്കോർഡ് അദ്ദേഹത്തിൻ്റേതായി തന്നെ തുടരട്ടെ," വിയാൻ മുൾഡർ പറഞ്ഞു.

SCROLL FOR NEXT