CRICKET

പ്രതിരോധം തീർത്ത ലങ്കയെ വീഴ്‌ത്തി ഇന്ത്യ; ആദ്യ ടെസ്റ്റിൽ ഗില്ലിനും സംഘത്തിനും മിന്നും ജയം

കേഷാരെയെ അടുത്ത ഓവറിൽ പുറത്താക്കി 10 വിക്കറ്റ് പൂർത്തിയാക്കിയ സുതർ ഇന്ത്യക്ക് ജയവും സമ്മാനിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗാലെ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ലങ്കയ്‌‌ക്കെതിരെ 165 റൺസിനാണ് ഇന്ത്യയുടെ ജയം. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ. അവസാന ദിനം കരുതലോടെയാണ് ശ്രീലങ്ക തുടങ്ങിയത്. അഞ്ചാം വിക്കറ്റിൽ നായകൻ ധനഞ്ജയും ദിനുഷയും ക്രീസിൽ ഉറച്ചുനിന്നു. ഇരുവരും അർധ സെഞ്ച്വറിയും കടന്ന് മുന്നേറിയതോടെ മത്സരം ലങ്ക വരുതിയിലാക്കുമെന്ന് പോലും തോന്നിപ്പിച്ചു. ആദ്യ സെഷന്റെ അവസാന ഓവറുകളിൽ ജഡേജ ധനഞ്ജയയെയും പ്രസിദ് കൃഷ്ണ ഡിക്‌വല്ലെയും മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.

എന്നാൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ദിനുഷ വാലറ്റത്തെ കൂട്ട് പിടിച്ച് വിക്കറ്റ് കാത്തു. പക്ഷെ 75ആം ഓവറിയാനെത്തിയ മാനവ് സുതർ ശ്രീലങ്കയുടെ സമനില പ്രതീക്ഷകളെ ഇല്ലാതെയാക്കി. ആദ്യ പന്തിൽ 84 റൺസെടുത്ത സൊനൽ ദിനുഷയെ ജുറലിന്റെ കൈകളിലെത്തിച്ച സുതർ രണ്ടാം പന്തിൽ ജയസൂര്യയുടെ കുറ്റി തെറിപ്പിച്ചു. ഓവറിന്റെ അവസാന പന്തിൽ കുമാരയെയും മടക്കി സുതർ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും തികച്ചു. കേഷാരെയെ അടുത്ത ഓവറിൽ പുറത്താക്കി 10 വിക്കറ്റ് പൂർത്തിയാക്കിയ സുതർ ഇന്ത്യക്ക് ജയവും സമ്മാനിച്ചു.

നേരത്തെ സെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കലിന്റെ പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ കൂറ്റർ സ്കോറിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിലും ഫോം തുടർന്ന് 44 റൺസെടുത്ത പടിക്കൽ തന്നെയാണ് കളിയിലെ താരം. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇന്ത്യ സജീവമാക്കി. ഫൈനലിൽ എത്താൻ ഇന്ത്യക്ക് പരമ്പരയിലെ രണ്ടാം മത്സരവും ജയിക്കണം. ഓഗസ്റ്റ് 23ന് കൊളംബോയിലാണ് അടുത്ത മത്സരം.

SCROLL FOR NEXT