അഡ്ലെയ്ഡ് ഓവൽ: പെർത്തിൽ എട്ട് പന്തിൽ പൂജ്യം, അഡ്‌ലെയ്‌ഡ് ഓവലിലേക്ക് വന്നപ്പോൾ അത് നാല് പന്തിലായി കുറഞ്ഞു എന്ന മാറ്റം മാത്രം. രണ്ടാം ഏകദിനത്തിനും ഡക്കിന് പുറത്തായി വിരാട് കോഹ്‌ലി. ഏഴ് മാസത്തിന് ശേഷമാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റ് ഫോർമാറ്റിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള തിരിച്ചുവരവിൽ തുടർച്ചയായ രണ്ട് ഡക്കുകളിലൂടെ വീണ്ടും നിരാശപ്പെടുത്തുകയാണ് ഇന്ത്യൻ സൂപ്പർ താരം.
വർഷങ്ങളായി അഡ്‌ലെയ്ഡ് ഓവലുമായി ഒരു പ്രത്യേക ബന്ധമുണ്ട് വിരാട് കോഹ്‌ലിക്ക്. തൻ്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ചില ഇന്നിംഗ്‌സുകൾ അദ്ദേഹം ഇവിടെയാണ് കളിച്ചിട്ടുള്ളത്. സംപൂജ്യനായി തലകുനിച്ച് മടങ്ങുമ്പോഴും കയ്യടികളോടെയാണ് അഡ്‌ലെയ്ഡ് ഓവലിലെ കാണികൾ ലെജൻഡിനെ മടക്കി അയച്ചത്. ബാഹുബലിക്ക് മഹിഷ്മതിയിലും... സൂപ്പർമാന് യുഎസിലും... മാത്രം ലഭിക്കുന്നൊരു സവിശേഷ യാത്രയയപ്പായിരുന്നു.. കോഹ്‌ലിക്ക് ഈ ഗ്രൗണ്ടിൽ ലഭിച്ചതെന്ന് വേണമെങ്കിൽ പറയാം.
ഇനിയൊരിക്കൽ കൂടി ഇതിഹാസം ഇവിടെ കളിക്കാനെത്തില്ല എന്ന വേദനയിൽ മികച്ച യാത്രയയപ്പാണ് ഓസീസുകാർ വിരാടിന് നൽകിയത്. കൂട്ടത്തിൽ ഇന്ത്യൻ ആരാധകരും ചേർന്നപ്പോൾ അതൊരു മനോഹര കാഴ്ചയായി മാറി.
ഈ ഗ്രൗണ്ടിലെ കോഹ്‌ലിയുടെ ഇന്നിങ്സുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ക്ലാസിക്കൽ ശൈലിയുടെ പിന്തുണയുള്ള സാങ്കേതിക തികവുറ്റ മാച്ച് വിന്നിംഗ് ഇന്നിങ്സുകളായിരുന്നു അതിലേറെയും. കോഹ്‌ലിയുടെ പ്രിയപ്പെട്ട വിദേശ വേദികളിൽ ഒന്നാണിത്.