Source: X/ WPL
CRICKET

വനിതാ പ്രീമിയർ ലീഗിലെ സുപ്രധാന അപ്ഡേറ്റ് പുറത്ത്

വരാനിരിക്കുന്ന സീസണിലേക്ക് ടീമിനെ പുനർനിർമിക്കുന്നതിന് ഓരോ ഫ്രാഞ്ചൈസിക്കും പഴ്സിൽ 15 കോടി രൂപ വീതം നൽകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ പ്രീമിയർ ലീഗിലെ (WPL) നിലവിലെ ഫ്രാഞ്ചൈസികൾക്ക് സ്വന്തം ടീമുകളിൽ നിന്ന് അഞ്ച് കളിക്കാരെ വരെ നിലനിർത്താൻ അനുമതി നൽകി ഐപിഎൽ ഗവേണിംഗ് കൗൺസിൽ. നേരിട്ടുള്ള നിലനിർത്തൽ വഴിയോ, അല്ലെങ്കിൽ റൈറ്റ് ടു മാച്ച് (RTM) ഓപ്ഷൻ വഴിയോ ആകാം ഇത്. വരാനിരിക്കുന്ന സീസണിലേക്ക് ടീമിനെ പുനർനിർമിക്കുന്നതിന് ഓരോ ഫ്രാഞ്ചൈസിക്കും പഴ്സിൽ 15 കോടി രൂപ വീതം നൽകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

നവംബർ 5ന് മുൻപ് ഫ്രാഞ്ചൈസികൾ അവരുടെ നിലനിർത്തൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ പ്രീമിയർ ലീഗിൻ്റെ മെഗാ ലേലം നവംബർ 26നും 29നും ഇടയിൽ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബിസിസിഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഒരു ടീമിന് പരമാവധി മൂന്ന് ഇന്ത്യൻ കളിക്കാരെയോ, രണ്ട് വിദേശ കളിക്കാരെയോ, രണ്ട് അൺക്യാപ്പ്ഡ് ഇന്ത്യൻ കളിക്കാരെയോ നിലനിർത്താം. അഞ്ച് കളിക്കാരുടെ മുഴുവൻ ക്വാട്ടയും നിലനിർത്താൻ ഒരു ടീം തീരുമാനിക്കുകയാണ് എങ്കിൽ കുറഞ്ഞത് ഒരാൾ അൺക്യാപ്പ്ഡ് കളിക്കാരനായിരിക്കണം.

നിലനിർത്തുന്ന കളിക്കാരുടെ വില സ്ലാബുകൾ

  • റിട്ടെൻഷൻ 1 - 3.50 കോടി രൂപ

  • റിട്ടെൻഷൻ 2 - 2.50 കോടി രൂപ

  • റിട്ടെൻഷൻ 3 - 1.75 കോടി രൂപ

  • റിട്ടെൻഷൻ 4 - 1 കോടി രൂപ

  • റിട്ടെൻഷൻ 5 - 50 ലക്ഷം രൂപ

ഈ നിബന്ധനകൾ പ്രകാരം അഞ്ച് കളിക്കാരെ നിലനിർത്തുന്ന ടീമിന് 9.25 കോടി രൂപ പേഴ്സിൽ നിന്ന് കുറയ്ക്കുകയും, ഒരു റൈറ്റ് ടു മാച്ച് കാർഡിനും അർഹതയുണ്ടാകില്ല. നാല് കളിക്കാരെ നിലനിർത്തുന്ന ടീമുകൾക്ക് 8.75 കോടി രൂപ നഷ്ടപ്പെടുകയും, ഒരു റൈറ്റ് ടു മാച്ച് അവകാശം ലഭിക്കുകയും ചെയ്യും. അതേസമയം മൂന്ന് കളിക്കാരെ നിലനിർത്തുന്ന ടീമുകൾക്ക് രണ്ട് റൈറ്റ് ടു മാച്ചുകൾ ലഭ്യമാകും.

നിലനിർത്തിയ ഓരോ അൺക്യാപ്പ്ഡ് കളിക്കാരനും 50 ലക്ഷം രൂപ ചിലവാകും. നിലനിർത്തിയ കളിക്കാർക്ക് നിശ്ചിത സ്ലാബുകളേക്കാൾ കൂടുതൽ തുക നൽകാനും ഫ്രാഞ്ചൈസികൾക്ക് അനുവാദമുണ്ട്. ഇതോടെ അധിക തുക അവരുടെ പേഴ്സിൽ നിന്ന് നഷ്ടപ്പെടും. കളിക്കാരുടെ രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 18 ആണ്. ലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക നവംബർ 20ന് ബിസിസിഐ പ്രസിദ്ധീകരിക്കും.

SCROLL FOR NEXT