CRICKET

WPL 2026 | ഡൽഹിയെ പൊരിച്ച് മുംബൈ ഇന്ത്യൻസ്, നേടിയത് സീസണിലെ ആദ്യ ജയം

മുംബൈ ബൌളർമാരിൽ നിക്കോള കാരെയും അമേലിയ കെറും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ നാറ്റ് സ്കൈവർ ബ്രണ്ട് രണ്ട് വിക്കറ്റും നേടി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ ഡൽഹിയെ വീഴ്ത്തി സീസണിലെ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ് വനിതകൾ. മുംബൈ ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് 19 ഓവറിൽ 145 റൺസെടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. 50 റൺസിനാണ് മുംബൈയുടെ ആധികാരിക വിജയം.

33 പന്തിൽ 56 റൺസെടുത്ത ചിനെല്ലെ ഹെൻറി മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവച്ചുള്ളൂ. ജെമീമ റോഡ്രിഗസ് (1), ഷെഫാലി വർമ (8), ലോറ വോൾവാർട്ട് (9), മാരിസാനെ കാപ്പ് (10), ക്യാപ്റ്റൻ ലിസെല്ലെ ലീ (10) എന്നിവർ പാടെ നിരാശപ്പെടുത്തി. മുംബൈ ബൌളർമാരിൽ നിക്കോള കാരെയും അമേലിയ കെറും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ, നേരത്തെ അർധസെഞ്ച്വറി നേടിയ നാറ്റ് സ്കൈവർ ബ്രണ്ട് രണ്ട് വിക്കറ്റും നേടി.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ലിസെല്ലെ ലീ ഹർമൻപ്രീത് സിങ്ങിനെയും കൂട്ടരേയും ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുംബൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിൽ ഹർമൻപ്രീത് സിങ്ങും (74) നാറ്റ് സ്കൈവർ ബ്രണ്ടും (70) ഫിഫ്റ്റികളുമായി തകർത്തടിച്ചു. സജന സജീവൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. മുംബൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഡൽഹി ബൌളർമാർ റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിച്ചു. സ്കോർ ബോർഡിൽ രണ്ട് റൺസെടുക്കുമ്പോഴേക്കും ഓപ്പണർ അമേലിയ കെറിനെ (0) ഡൽഹി മടക്കി. ചിനെല്ലെ ഹെൻറിയുടെ പന്തിൽ ഡൽഹി ക്യാപ്റ്റൻ ലിസെല്ലെ ലീ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പിന്നീട് തമിഴ്‌നാട്ടുകാരിയായ ഓപ്പണർ ജി. കമാലിനി നാറ്റ് സ്കൈവെർ ബ്രണ്ടിനൊപ്പം 32 പന്തിൽ നിന്ന് 49 റൺസ് വാരിക്കൂട്ടി. 19 പന്തിൽ നിന്ന് 16 റൺസ് നേടിയ കമാലിനിയെ നന്ദ്നി ശർമ പുറത്താക്കി. ക്യാച്ചെടുത്തത് വീണ്ടും ഡൽഹി ക്യാപ്റ്റൻ ലിസെല്ലെ ലീ തന്നെ.

അർധസെഞ്ച്വറി നേടിയ നാറ്റ് സ്കൈവെർ ബ്രണ്ട് (46 പന്തിൽ 70) മൂന്നാം വിക്കറ്റിൽ ഹർമൻപ്രീതിനൊപ്പം (33 പന്തിൽ 47) സ്കോർ ബോർഡ് അതിവേഗം മുന്നോട്ട് ചലിപ്പിച്ചു. അപകടകാരിയായ നാറ്റ് സ്കൈവറെ ശ്രീചരണി ജെമീമ റോഡ്രിഗസിൻ്റെ കൈകളിലെത്തിച്ചു. പിന്നീട് ഹർമനും കാരിയും ചേർന്ന് മുംബൈ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 12 പന്തിൽ 21 റൺസെടുത്ത നിക്കോള കാരിയെ നന്ദ്നി ശർമ ക്ലീൻ ബൌൾ ചെയ്തു.

SCROLL FOR NEXT