FOOTBALL

എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ മത്സരം ഇന്ന്, അറ്റാക്കിങ് ഫുട്ബോൾ കളിക്കുമെന്ന് ലൂണ

ബാംബോളിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നാണ് ആവേശപ്പോരാട്ടം.

Author : ന്യൂസ് ഡെസ്ക്

ഗോവ: പുതിയ സ്പാനിഷ് കോച്ചിനും അടിമുടി പൊളിച്ചുപണിഞ്ഞ ടീമിനുമൊപ്പം എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26 സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് മഞ്ഞപ്പടയുടെ ആദ്യ എതിരാളികൾ. ബാംബോളിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നാണ് ആവേശപ്പോരാട്ടം.

ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്. ടൂർണമെൻ്റിൽ വിജയകരമായ തുടക്കം തേടുന്ന ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാണ്. പുതിയ വിദേശ സൈനിംഗുകളും ഇന്ത്യൻ യുവതാരങ്ങളും ഉൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ എത്തിയിരിക്കുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ, ആത്മവിശ്വാസത്തോടെ മൂന്ന് പോയിൻ്റ് നേടാനാണ് ക്യാപ്റ്റൻ ലൂണയും സംഘവും ലക്ഷ്യമിടുന്നത്.

ടീം വിജയമാണ് ലക്ഷ്യമിടുന്നതെന്നും കളിക്കാർ നന്നായി തയ്യാറെടുത്തിട്ടുണ്ടെന്നും പരിശീലകൻ ഡേവിഡ് കാറ്റല മാധ്യമങ്ങളോട് പറഞ്ഞു. "ടീം സജ്ജമാണ്. കളിക്കാർ നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരാണ്. അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ," ഡേവിഡ് കാറ്റല പറഞ്ഞു.

തുടക്കത്തിൽ തന്നെ മൂന്ന് പോയിൻ്റുകൾ നേടുകയാണ് ലക്ഷ്യമെന്ന് നായകൻ അഡ്രിയാൻ ലൂണയും വ്യക്തമാക്കി. "സൂപ്പർ കപ്പിൻ്റെ തുടക്കത്തിൽ തന്നെ മൂന്ന് നിർണായക പോയിൻ്റുകൾ നേടുക എന്നതാണ് ലക്ഷ്യം. കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്ബോൾ കളിക്കാനാണ് ശ്രമം. ടീമിലുള്ള വിശ്വാസവും വിജയിക്കാനുള്ള മനോഭാവവും പ്രധാനമാണ്," ലൂണ കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് ഡിയിൽ എസ്.സി. ഡൽഹി, മുംബൈ സിറ്റി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ മറ്റു എതിരാളികൾ. പുതിയ ലക്ഷ്യങ്ങളോടും ശക്തമായ പോരാട്ടവീര്യത്തോടും കൂടി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ഗോവയിൽ മികച്ച തുടക്കം കഴിയുമെന്ന പ്രതീക്ഷയിലാണ്.

SCROLL FOR NEXT