സിംഗപ്പൂർ: എഎഫ്‌സി ഏഷ്യൻ കപ്പ് ക്വാളിഫയർ ഗ്രൂപ്പ് പോരാട്ടത്തിൽ സിംഗപ്പൂരിനോട് പൊരുതി സമനില നേടി ഇന്ത്യൻ ഫുട്ബോൾ ടീം. 90ാം മിനിറ്റിൽ റഹീം അലി നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്.
മത്സരത്തിൻ്റെ ആദ്യ പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിൽ ഇഖ്‌സാൻ ഫാൻഡിയിലൂടെ സിംഗപ്പൂരാണ് ആദ്യം ലീഡ് നേടിയത്. തൊട്ടുപിന്നാലെ സന്ദേശ് ജിങ്കൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ നീലപ്പട ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. സിംഗപ്പൂരിൻ്റെ പോരാട്ടവീര്യത്തെ അതിജീവിച്ചാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്.
മത്സരത്തിൻ്റെ അവസാന നിമിഷത്തിൽ സിംഗപ്പൂരിൻ്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് റഹീം അലി ഗോൾ നേടിയത്. സിംഗപ്പൂരിൻ്റെ ലെഫ്റ്റ് വിങ്ങർ സ്വന്തം ഹാഫിലേക്ക് മറിച്ചുനൽകിയ പന്തിൽ ഗോൾ കീപ്പറെ കബളിപ്പിച്ച് പന്ത് തട്ടിയെടുത്ത റഹീം ഒഴിഞ്ഞ വലയിലേക്ക് പന്ത് നിറയൊഴിക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയുമായി രണ്ട് പോയിൻ്റുള്ള ഇന്ത്യ ഗ്രൂപ്പ് സിയിൽ മൂന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്.