ക്രിസ്റ്റ്യാനോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ അൽ നസർ സീനിയർ ടീമിലേക്ക് Source: X/ Al Nassr
FOOTBALL

അൽ നസറിൽ ഇനി ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം പന്തു തട്ടാൻ മകൻ ജൂനിയറും എത്തുമെന്ന് റിപ്പോർട്ട്

നിലവിൽ പോർച്ചുഗലിൻ്റെ അണ്ടർ 15 ടീമിലെ താരമാണ് ക്രിസ്റ്റ്യാനോ ജൂനിയർ.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ദുബായ്: ഫുട്ബോൾ ലോകം കാത്തിരിക്കുന്നൊരു സ്പെഷ്യൽ അരങ്ങേറ്റത്തിനാണ് സൗദിയിൽ അരങ്ങൊരുങ്ങുന്നത്. സൗദി ക്ലബ്ബായ അൽ നസറിൻ്റെ സീനിയർ ടീമിലേക്ക് ക്രിസ്റ്റ്യാനോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് മിറർ അടക്കമുള്ള നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത സീസൺ മുതൽ പിതാവ് ക്രിസ്റ്റ്യാനോ നയിക്കുന്ന അൽ നസറിനൊപ്പം ക്രിസ്റ്റ്യാനോ ജൂനിയറും ഒരേ ടീമിൽ കളിക്കുമെന്ന സന്തോഷ വാർത്തയാണ് സൗദിയിൽ നിന്ന് വരുന്നത്. 15 വയസ് തികഞ്ഞ ജൂനിയർ നിലവിൽ അൽ നസർ ജൂനിയർ വിഭാഗത്തിനൊപ്പമാണ് കളിക്കുന്നത്. അടുത്തിടെ റയൽ മാഡ്രിഡ് അക്കാദമിയിൽ എത്തിയ ക്രിസ്റ്റ്യാനോ ജൂനിയറിന് അവിടെ പ്രത്യേക പരിശീലനവും ലഭിച്ചിരുന്നു.

അറബ് പത്രമായ അൽ വിയാമാണ് ജൂനിയർ അൽ നസറിലെത്തുമെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ സീസണിൻ്റെ അവസാനമേ എടുക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പോർച്ചുഗലിൻ്റെ അണ്ടർ 15 ടീമിലെ താരമാണ് ക്രിസ്റ്റ്യാനോ ജൂനിയർ. 2025ൽ അണ്ടർ 15 ലോകകപ്പ് പോർച്ചുഗൽ ടീമിൻ്റെ ഭാഗമായി താരം അരങ്ങേറിയിരുന്നു.

സീനിയർ ടീമിൽ എത്രത്തോളം സംഭാവന നൽകാൻ ജൂനിയറിന് സാധിക്കുമെന്നതിനെ കുറിച്ച് അൽ നസറിൻ്റെ പരിശീലക സംഘം നിരീക്ഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റൊണാൾഡോയ്ക്ക് നിലവിൽ ക്ലബ്ബുമായി 2027 വരെ കരാർ നിലനിൽക്കുന്നുണ്ട്. നീക്കം നടന്നാൽ വൈകാതെ തന്നെ അച്ഛനും മകനും ഒന്നിച്ച് പന്ത് തട്ടും.

2025ൽ വ്ളാറ്റ്കോ മാർക്കോവിച്ച് ടൂർണമെൻ്റിലെ ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ജേതാക്കളായ പോർച്ചുഗലിനായി ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ താൻ ദേശീയ ടീമിലും ഒരു ഭാവി വാഗ്ദാനമാണെന്ന സൂചന നൽകിയിരുന്നു.

സൗദി ലീഗിൽ ഇക്കുറി 29 മത്സരങ്ങൾ പിന്നിട്ടപ്പോൾ, 25 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 76 പോയിൻ്റുമായി അൽ നസർ കിരീടത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. 68 പോയിൻ്റുള്ള അൽ ഹിലാലാണ് രണ്ടാം സ്ഥാനത്ത്.

SCROLL FOR NEXT