പാരിസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒസ്‌മാൻ ഡെംബലെ, ലാമിനെ യെമാൽ, എംബാപ്പെ, മുഹമ്മദ് സലാ തുടങ്ങിയ സൂപ്പർ താരങ്ങളാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്. സാധ്യതാ പട്ടികയിൽ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർതാരം ഒസ്‌മാൻ ഡെംബലെയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
എന്നാൽ പാരിസിൽ വച്ച് നടക്കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാര വിതരണച്ചടങ്ങിൽ ഒസ്‌മാൻ ഡെംബലെ പങ്കെടുക്കില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് പിഎസ്ജി-മാഴ്‌സെലോ മത്സരം നടക്കുന്നതാണ് ഫ്രഞ്ച് താരത്തിന് തിരിച്ചടിയായത്. എന്നാൽ താരത്തിന് നിലവിൽ പരിക്കേറ്റിരിക്കുകയാണ്. പരിക്ക് മൂലം കളിക്കാൻ സാധിച്ചില്ലെങ്കിൽ ഒസ്‌മാൻ ഡെംബലെയ്ക്ക് ഇന്നത്തെ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഫിഫ റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരാണ് ഇതിനായി വോട്ട് ചെയ്യുക. ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ഭാഗികമായി സ്വര്‍ണത്തില്‍ നിര്‍മിച്ച 3500 ഡോളര്‍ വിലയുള്ള ട്രോഫിയാണ് സമ്മാനമായി ലഭിക്കുക.
വനിതാ താരത്തിനും, പരിശീലകർക്കും, യുവതാരങ്ങൾക്കും, പുരസ്കാരം നൽകും. കൂടാതെ യുവതാരത്തിനുള്ള കോപ്പ ട്രോഫി, ടോപ് സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍, ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി, മികച്ച കോച്ചിനുള്ള യൊഹാന്‍ ക്രൈഫ് തുടങ്ങിയ പുരസ്‌കാരത്തിന് അർഹരായവരേയും ചടങ്ങിൽ വച്ച് പ്രഖ്യാപിക്കും. പാരീസിലെ ബാലണ്‍ ഡി ഓര്‍ വേദി ഈ വര്‍ഷത്തെ സ്വര്‍ണപന്തിൻ്റെ അവകാശിയെ തേടുമ്പോള്‍ അതൊരു പുതുമുഖമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.