ജിദ്ദ: സൗദി പ്രോ ലീഗിൽ അൽ ഖലീജിനെതിരെ അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വണ്ടർ ഗോൾ ചർച്ചയാകുന്നു. ക്രിസ്റ്റ്യാനോയുടെ കരിയർ ബെസ്റ്റ് ഗോളുകളിലൊന്നായ 2018ലെ ചാംപ്യൻസ് ലീഗിൽ പിറന്ന ബൈസിക്കിൾ കിക്കിനോടാണ് ഈ ഗോളിനേയും ആരാധകർ താരതമ്യം ചെയ്യുന്നത്. 40ാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസം വിസ്മയം തീർക്കുകയാണ്.
ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തുടർച്ചയായ ഒൻപതാം ജയം നേടി ക്രിസ്റ്റ്യാനോ നയിക്കുന്ന അൽ നസർ പോയിൻ്റ് പട്ടികയിൽ തലപ്പത്ത് തുടരുകയാണ്. 9 മാച്ചുകളിൽ നിന്ന് 27 പോയിൻ്റാണ് അൽ നസർ നേടിയത്. രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനേക്കാൾ നാല് പോയിൻ്റിന് മുന്നിലാണ് നിലവിൽ അൽ നസർ.
മത്സരത്തിൽ 4-1നാണ് അൽ നസറിൻ്റെ ജയം. ജാവോ ഫെലിക്സ് (39), വെസ്‌ലി (42), സാദിയോ മാനെ (77), ക്രിസ്റ്റ്യാനോ റൊണാൾഡോ (90+6) എന്നിവരാണ് മഞ്ഞപ്പടയുടെ ഗോൾവേട്ടക്കാർ. മുറാദ് അൽ ഹോസാവി (47) ഒരു ഗോൾ മടക്കി.
മത്സരം നിശ്ചിത സമയവും കഴിഞ്ഞ് എക്സ്‌ട്രാ ടൈമിലെ ആറ് മിനിറ്റ് ആകുമ്പോഴാണ് ക്രിസ്റ്റ്യാനോയുടെ വണ്ടർ ഗോൾ പിറന്നത്. ചാംപ്യൻസ് ലീഗിൽ യുവൻ്റസിനെതിരെ റയൽ മാഡ്രിഡിന് വേണ്ടി ക്രിസ്റ്റ്യാനോ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന ബൈസിക്കിൾ ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്.
ഗോൾ പിറന്നതോടെ ടീമിലെ സഹതാരങ്ങളും ആരാധകരും തലയിൽ കൈവച്ച് അവിശ്വസനീയതോടെ നിൽക്കുന്നത് കാണാമായിരുന്നു. ആരാധകരുടെ റിയാക്ഷൻ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
നേരത്തെ 40ാം വയസിൽ പോർച്ചുഗലിനായും സമാനമായൊരു ബൈസിക്കിൾ കിക്ക് ഗോൾ റൊണാൾഡോ നേടിയിരുന്നു. ഈ ഗോളോടെ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയറിലെ ഗോളുകളുടെ എണ്ണം 954 ആയി ഉയർന്നു.