Source: X/ FIFA
FOOTBALL

2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ എട്ട് രാജ്യങ്ങൾ ആരൊക്കെ? കയ്യടി നേടി ഈ കുഞ്ഞൻ ആഫ്രിക്കൻ രാജ്യം

യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കാൻ പോകുന്നത്.

Author : ന്യൂസ് ഡെസ്ക്

യുഎസ്: 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് എട്ട് രാജ്യങ്ങൾ കൂടി യോഗ്യത നേടി. ഐവറി കോസ്റ്റ്, സെനഗൽ, സൗദി അറേബ്യ, ഇംഗ്ലണ്ട്, ഖത്തർ, ദക്ഷിണാഫിക്ക, ഘാന, കാബോ വെർഡെ എന്നീ രാജ്യങ്ങളാണ് ഏറ്റവുമൊടുവിൽ യോഗ്യത ഉറപ്പിച്ചത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കാൻ പോകുന്നത്.

കഴിഞ്ഞ ദിവസം കാബോ വെർഡെ എന്ന കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയത് ലോക ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെയാണ് ഇന്നലെ രാത്രി നടന്ന യോഗ്യതാ മത്സരങ്ങളിൽ ജയം നേടി ഐവറി കോസ്റ്റ്, സെനഗൽ, സൗദി അറേബ്യ, ഇംഗ്ലണ്ട്, ഖത്തർ, ദക്ഷിണാഫിക്ക, ഘാന എന്നീ ഏഴ് രാജ്യങ്ങൾ കൂടി യോഗ്യത ഉറപ്പിച്ചത്.

ആഫ്രിക്കൻ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ‌ തിങ്കളാഴ്ച രാത്രി എസ്വാറ്റിനിയെ 3-0ന് തോൽപിച്ചാണ് കേപ് വെർഡെ യുഎസിലേക്ക് ടിക്കറ്റെടുത്തത്. കാമറൂണും നൈജീരിയയും ഉൾപ്പെടെയുള്ള വമ്പൻമാർ ആഫ്രിക്കയിൽ നിന്ന് കാത്തുനിൽക്കവെയാണ് വെറും 5.2 ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെയുടെ ലോകകപ്പ് എൻട്രി.

ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിനു യോ​ഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം കൂടിയാണ് മധ്യ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ഈ ദ്വീപസമൂഹം. ബ്ലൂ ഷാർക്സ് എന്നാണ് ഫിഫ റാങ്കിങ്ങിൽ നിലവിൽ 70-ാം സ്ഥാനത്തുള്ള അവരുടെ വിളിപ്പേര്.

1975 വരെ പോർച്ചു​ഗലിൻ്റെ കോളനിയായിരുന്ന കേപ് വെർഡെ 2026 ലോകകപ്പിന് യോ​ഗ്യത നേടുന്ന മൂന്നാമത്തെ നവാ​ഗതരാണ്. ഏഷ്യയിൽ നിന്ന് യോ​ഗ്യത ഉറപ്പിച്ച ഉസ്ബെക്കിസ്ഥാനും ജോർദാനുമാണ് മറ്റുള്ളവർ.

ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് 2026 ഫിഫ ഫുട്ബോൾ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്തത്. ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആറ് മത്സരങ്ങളും ജയിച്ചാണ് ലോകകപ്പിനെത്തുന്നത്.

SCROLL FOR NEXT