ലണ്ടൻ: ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തർക്ക് ജയം. ലിത്വാനിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് 2026 ലോകകപ്പ് യോഗ്യത നേടി. സ്പെയിനും ഇറ്റലിയും ജയിച്ചു കയറിയപ്പോൾ പോർച്ചുഗൽ-ഹംഗറി മത്സരം സമനിലയിൽ കലാശിച്ചു.
ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് 2026 ഫിഫ ഫുട്ബോൾ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്തത്. 26ാം മിനിറ്റിൽ ആൻ്റണി ഗോർഡണിലൂടെ സ്കോർ ബോർഡ് തുറന്ന ഇംഗ്ലണ്ട്, കളിയിലുടനീളം സർവാധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ നായകൻ ഹാരി കെയിൻ ഇരട്ട ഗോൾ നേടി. ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആറ് മത്സരങ്ങളും ജയിച്ചാണ് ലോകകപ്പിനെത്തുന്നത്.
ബൾഗേറിയയെ എതിരില്ലാത്ത നാല് ഗോളിനാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. മെയ്ക്കൽ മരീനോ ഇരട്ട ഗോൾ നേടിയപ്പോൾ, റയൽ സോസിഡാഡിൻ്റെ മുന്നേറ്റ താരം മെയ്ക്കൽ ഒയാർസാബാലും സ്പെയിനായി വലകുലുക്കി. നാല് മത്സരങ്ങൾ ജയിച്ച സ്പെയിൻ നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരാണ്.
പോർച്ചുഗലിനെ രണ്ട് ഗോളിനാണ് ഹംഗറി സമനിലയിൽ കുരുക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി. മധ്യനിര താരം ഡൊമിനിക്കിലൂടെ ഇഞ്ചുറി ടൈമിൽ ഹംഗറി നേടിയ ഗോളാണ് പോർച്ചുഗലിനെ സമനിലയിൽ തളച്ചത്. ഇസ്രയേലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തരിപ്പണമാക്കിയാണ് ഇറ്റലി കരുത്ത് കാട്ടിയത്. ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായ തുർക്കിയാകട്ടെ ജോർജിയയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളിനാണ്.