FOOTBALL

യുദ്ധഭീതി മുതൽ ടിക്കറ്റ് വില വരെ..! ആശങ്കകൾ ഒഴിയാതെ ഫുട്‌ബോൾ ലോകകപ്പ്

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കാലാവസ്ഥയും പകർച്ച വ്യാധികളുമെല്ലാം ആശങ്കകളും വെല്ലുവിളികളും ഉയർത്തുന്നതിടയിലാണ് ലോകം ഫുട്ബോൾ മാമാങ്കത്തിനായി കാത്തിരിക്കുന്നത്

Author : ലിൻ്റു ഗീത

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23ാമത് ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ 11ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ രാജ്യങ്ങൾക്ക് ലോകവേദിയിൽ മാറ്റുരയ്ക്കാൻ അവസരം നൽകുന്ന ഈ ടൂർണമെൻ്റ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായി മാറുമെന്നതിൽ തർക്കമില്ല. എന്നാൽ പഴയതിൽ നിന്നും വ്യത്യസ്തമായി ചില ആശങ്കകൾ കൂടി ​ലോകകപ്പിൽ ഉയരുന്നുണ്ട്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കാലാവസ്ഥയും പകർച്ച വ്യാധികളുമെല്ലാം ആശങ്കകളും വെല്ലുവിളികളും ഉയർത്തുന്നതിടയിലാണ് ലോകം ഫുട്ബോൾ മാമാങ്കത്തിനായി കാത്തിരിക്കുന്നത്.

ഇതേ തുടർന്ന് തങ്ങളുടെ പരിശീലന ക്യാംപ് മെക്സിക്കോയിലേക്ക് ഇറാൻ മാറ്റിയിട്ടുണ്ട്. മെക്സിക്കൻ നഗരമായ ടിവാനയിലേക്ക് ക്യാംപ് മാറ്റുന്നത് വഴി കളിക്കാർക്ക് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ്റെ വിലയിരുത്തൽ. എന്നാൽ ഇറാൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ വേദികളിൽ മാറ്റമുണ്ടാകില്ലെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.

മറ്റൊരു പ്രതിസന്ധി എബോള ഭീഷണിയാണ്. എബോള കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കോംഗോ ടീമിൻ്റെ ലോകകപ്പ് സ്വപ്നത്തെ അത് ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം. ജൂൺ 11ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇറങ്ങണമെങ്കിൽ 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമെന്നാണ് യുഎസ് നിർദേശം.

ടിക്കറ്റ് നിരക്കിലെ വർധനയും ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡിസംബറിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് 140 ഡോളറും ഫൈനൽ മത്സരത്തിന് 8680 ഡോളറുമായിരുന്നെങ്കിൽ.. ഏപ്രിലിൽ പുനരാരംഭിച്ച വിൽപ്പനയിൽ ടിക്കറ്റ് വില 10,990 ഡോളറായി ഉയർന്നു. അതായത് പത്തര ലക്ഷം ഇന്ത്യൻ രൂപ! എന്നാൽ പ്രതീക്ഷിച്ച പോലെ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ടിക്കറ്റ് നിരക്ക് കൃത്രിമമായി ഉയർത്തി എന്ന ആരോപണങ്ങൾക്ക് പിന്നാലെ ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും സ്റ്റേറ്റ് അറ്റോർണി ജനറൽ ഫിഫയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിഫ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ടോ? സ്റ്റേഡിയത്തിലെ സീറ്റിങ് വിഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ? എന്നിവയെ കുറിച്ചെല്ലാം അന്വേഷണം നടത്തും. ഇംഗ്ലണ്ടിൻ്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരവും.. ജൂലൈ 19ന് നടക്കുന്ന ഫൈനലും ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ന്യൂജേഴ്‌സിയിലെ മെറ്റിഫ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കുകളാണ് പ്രത്യേകമായി പരിശോധിക്കുന്നത്. ടിക്കറ്റ് റിലീസ് ഷെഡ്യൂളിനെക്കുറിച്ചുള്ള ആഭ്യന്തര വിവരങ്ങളും അന്വേഷണ സംഘം തേടിയിട്ടുണ്ട്. എന്നാൽ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതെല്ലാം പരിഹരിക്കപ്പെടുമോ എന്നതിലും ആശങ്കയുണ്ട്.

ഇതിനെല്ലാം പുറമോ പാരിസ്ഥിതിക പ്രതിസന്ധികളും ലോകകപ്പിൽ ചർച്ചയാവുകയാണ്. 1994ന് ശേഷം ആദ്യമായാണ് 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പ് നോർത്ത് അമേരിക്കൻ വേനൽക്കാലത്ത് നടക്കാൻ പോകുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം വരാനിരിക്കുന്ന ലോകകപ്പിൽ ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യത 1994നേക്കാൾ കൂടുതലാണെന്നാണ് കാലാവസ്ഥാ ഗവേഷണ സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ നൽകുന്ന മുന്നറിയിപ്പ്. ഉയർന്ന ചൂട് മത്സരങ്ങൾ നിർത്തിവെയ്ക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ വാട്ടർ ബ്രേക്കുകൾ നൽകിയും രാത്രികാലങ്ങളിൽ മാത്രം മത്സരങ്ങൾ സംഘടിപ്പിച്ചും മുന്നോട്ട് പോകുമെന്ന് ഫിഫ പറഞ്ഞെങ്കിലും ഫുഡ്‌ബോൾ താരസംഘടനയായ ഫിഫ്‌പ്രോ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ഫുട്ബോൾ ലോകം ഇത്തവണ ബൂട്ടണിയുമ്പോൾ ആശങ്കകളാണ് ചുറ്റും നിറയുന്നത്. അനിശ്ചിതത്വത്തിൻറെയും ആശങ്കകളുടെയും ഇടയിൽ നിറംകെട്ടു പോകുമോ ലോകകപ്പ് എന്ന് കാത്തിരിന്നു കാണാം.

SCROLL FOR NEXT